കോഴിക്കോട്: കൊവിഡ് നിയന്ത്രണം മുറുകിയതോടെ തിരക്കൊഴിഞ്ഞ് നഗരത്തിലെ ഷോപ്പിംഗ് മാളുകൾ.
പ്രതിദിനം ശരാശരി മൂവായിരത്തിലേറെ പേർ എത്താറുള്ള ഹൈപ്പർ മാളുകളിൽ ഇപ്പോൾ ആളെണ്ണം ഇരുന്നൂറിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്.
നോ കൊവിഡ് സർട്ടിഫിക്കറ്റുള്ളവർക്കോ, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കോ മാത്രമാണ് ഷോപ്പിംഗ് മാളുകളിൽ പ്രവേശനം. കഴിഞ്ഞ ദിവസം അധികൃതരുടെ ഈ അറിയിപ്പ് വന്നതിനു പിറകെ ആളുകളുടെ വരവ് പത്തിലൊന്നിലും താഴെയായി കുറയുകയായിരുന്നു.
മാളുകളുടെയും തീയേറ്ററുകളുടെയും പ്രവർത്തന സമയം രാത്രി ഏഴര വരെയാക്കിയിട്ടുണ്ട്. വെറുതെ കുറേനേരം ചുറ്റിക്കറങ്ങി, മൾട്ടി പ്ലക്സിൽ കയറി സിനിമയും കണ്ട് മടങ്ങുന്നവർ തീരെ ഇല്ലെന്നായി. പത്ത് വയസ്സിന് താഴെയുള്ളവർക്കും 65 നു മുകളിലുള്ളവർക്കും മാളുകളിൽ പ്രവേശനവുമില്ല.
രാജാജി റോഡിലെ ഷോപ്പിംഗ് മാളിൽ എത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ഏതാണ്ട് ഇരുന്നൂറു പേർ കഴിഞ്ഞ ദിവസം ഇവിടെ കൊവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. ചില മാളുകളിൽ ടെസ്റ്റ് റിപ്പോർട്ടില്ലാതെ അത്യാവശ്യക്കാരെ കയറ്റിവിടുന്നതായി പറയുന്നുണ്ട്.
നഗരത്തിലെ പ്രധാന മാളുകൾക്ക് മുന്നിലുൾപ്പെടെ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഓരോ സ്‌റ്റേഷൻ പരിധിയിലും നാലു പട്രോളിംഗ് സംഘങ്ങൾ രൂപീകരിച്ചാണ് പരിശോധന. സ്‌റ്റേഷനിലെ രണ്ട് വാഹനങ്ങൾക്കു പുറമേ പട്രോളിംഗിനായി ഓരോ സ്‌റ്റേഷനിലും ഒരു സ്വകാര്യവാഹനം വീതം വാടകയ്ക്കെടുത്ത് പൊലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്. മാളുകൾക്ക് പുറമെ ബസ് സ്റ്റാൻഡ്, വ്യാപാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും കർശന പരിശോധന തുടരുകയാണ്. പൊതുസ്ഥലങ്ങളിലെന്ന പോലെ കാറിലുൾപ്പെടെ മാസ്‌ക് ധരിക്കാത്തവർക്കും ബസാറുകളിലും മറ്റും സാമൂഹിക അകലം പാലിക്കാത്തവർക്കും പിഴയിടുന്നുണ്ട് പൊലീസ്.