vazha

 നശിച്ചത് 126. 98 ഹെക്ടറിലെ കൃഷി

 വാഴകൃഷിയിൽ മാത്രം 4. 7 കോടി

 നഷ്ടം നേരിട്ടത് 4,069 കർഷകർക്ക്

കോഴിക്കോട്: പൊള്ളുന്ന ചൂടിന് ആശ്വാസം പകരുന്നോണം എത്തുന്ന വേനൽമഴയ്ക്കിടെ ഇതിനിടയ്ക്ക് ജില്ലയിലെ കാർഷിക മേഖലയിൽ 6. 92 കോടിയുടെ നാശനഷ്ടം. മഴയ്ക്ക് അകമ്പടിയായി ചീറിയടിച്ച കനത്ത കാറ്റാണ് കർഷകരെ കുത്തുപാളയെടുപ്പിക്കുന്ന നാശനഷ്ടം വിതച്ചത്. ഏറെയും ബാധിച്ചത് വാഴകൃഷിയെയാണ്; നഷ്ടം 4. 7 കോടി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയുണ്ടായ കാറ്റിലും മഴയിലുമാണ് നാശനഷ്ടം കൂടുതലും.
കഷ്ടിച്ച് അര മണിക്കൂറിനകം പെയ്‌തൊഴിയുന്ന മഴ കർഷകരെ കണ്ണീരിലാഴ്ത്തിയാണ് കടന്നുപോകുന്നത്. വിളവെടുക്കാൻ പാകമായതുൾപ്പെടെ കനത്ത കാറ്റിൽ തീർത്തും നശിച്ചുപോവുകയാണ്.

ജില്ലയിൽ 126. 98 ഹെക്ടറിലെ കൃഷി നശിച്ചതിൽ കൂടുതലും മാവൂർ, ചാത്തമംഗലം കുറ്റ്യാടി, കൊടുവളളി, കുന്ദമംഗലം, കാവിലുംപാറ, ആയഞ്ചേരി, ഫറോക്ക് ഭാഗങ്ങളിലാണ്.

കിഴക്കൻ മലയോര മേഖലയിലാണ് വാഴകൃഷി കൂടുതലും നശിച്ചത്. 68,315 കുലച്ച നേന്ത്രവാഴകൾ നശിച്ചപ്പോൾ കുല വരാറായ 40,100 നേന്ത്രവാഴകളും നിലംപൊത്തി. മൊത്തം 65. 16 ഹെക്ടറിലെ വാഴകൃഷി നശിച്ചിട്ടുണ്ട്.

വീശിയടിച്ച കാറ്റിൽ 1.83 ഹെക്ടറിലായി 1,255 കുലച്ച തെങ്ങുകൾ നിലം പൊത്തി. കുല വരാറായ 335 തെങ്ങുകളും ഒരു വർഷം പ്രായമായ 215 തെങ്ങിൻതൈകളും കടപുഴകിയതിൽ ഉൾപ്പെടും. ഏതാണ്ട് 870 കേര കർഷകർക്ക് നഷ്ടം നേരിട്ടിട്ടുണ്ട്. ഈ മേഖലയിലെ നഷ്ടം 74 ലക്ഷ രൂപയുടേതാണ്.

നെൽകൃഷി 10 ഹെക്ടറിലെങ്കിലും നശിച്ചു. 2 ഹെക്ടറിലായി കപ്പയും ഒരു ഹെക്ടറിൽ പച്ചക്കറിയും നാനാവിധമായി. റബർ, അടയ്ക്ക, കൊക്കോ, കുരുമുളക്, ജാതി എന്നിവയും വ്യാപകമായി നശിച്ചിട്ടുണ്ട്.