കോഴിക്കോട്: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി 9 ന് അടയ്ക്കണമെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കേ 7.30ന് ഹോട്ടലുകൾ അടുപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. സംസ്ഥാനത്ത് ഓരോ ജില്ലാ ഭരണകൂടങ്ങളും പലവിധത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയും പരാമർശിച്ചത്. ഇത് ഹോട്ടലുടമകൾക്കിടയിലും ഉദ്യോഗസ്ഥർക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പ്രകാരം രാത്രി 9 വരെ ഹോട്ടലുകൾക്ക് തുറന്നു പ്രവർത്തിക്കാം എന്നാൽ പല ജില്ലകളിലും 7:00 കഴിയുമ്പോൾ തന്നെ ഉദ്യോഗസ്ഥരെത്തി ഹോട്ടലുകൾ അടപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്യുകയാണ്.കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാരിനൊപ്പം പ്രവർത്തിക്കുന്ന ഭക്ഷണവിതരണ മേഖലയെ ദ്രോഹിക്കുന്ന നടപടി സർക്കാർ പിൻവലിക്കണമെന്നും നിലവിൽ സർക്കാർ ഇറക്കിയ വിജ്ഞാപനമനുസരിച്ച് രാത്രി 9:00 വരെ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി ജനറൽ സെക്രട്ടറി ജയപാലൻ എന്നിവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.