samu
തളി പൈതൃക ടൂറിസം പദ്ധതിയിൽ ക്ഷേത്രക്കുളത്തിനു മുന്നിലായി ഒരുക്കുന്ന ചുമർചിത്രങ്ങൾ

കോഴിക്കോട്: സാമൂതിരി ചരിത്രം ചുമരുകളിൽ പകർത്തുകയാണ് തളി പൈതൃക ടൂറിസം പദ്ധതി. ക്ഷേത്രക്കുളത്തിന് മുന്നിൽ തയ്യാറാകുന്ന ഇരിപ്പിടത്തോട് ചേർന്നാണ് 'കഥ പറയുന്ന' ചുമരുകൾ ഒരുങ്ങുന്നത്.

കോഴിക്കോടിന്റെ സാംസ്കാരിക അടയാളമായ തളി ശിവക്ഷേത്രവും പരിസരവും സാമൂതിരി ചരിത്രവുമായി ഇഴ ചേർന്നു നിൽക്കുന്നവയാണ്. സാമൂതിരി രാജവംശത്തിന്റെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ക്ഷേത്രത്തിന് ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്.

ഇത്തരം ചരിത്ര മുഹൂർത്തങ്ങളെ ഉൾപ്പെടുത്തിയാണ് ജില്ലാ നിർമ്മിതി കേന്ദ്രയുടെ മേൽനോട്ടത്തിൽ ചുമർ ശില്പങ്ങൾ തയ്യാറാകുന്നത്.

രേവതി പട്ടത്താനവും മാമാങ്കവും കൃഷ്ണനാട്ടവുമെല്ലാം നിറയുന്ന ചുമരുകൾക്കു പിന്നിൽ ചെറുവിവരണങ്ങളും ഉൾപ്പെടുത്തും. ക്ഷേത്ര ദർശനത്തിനെത്തുവർക്ക്‌ ചരിത്ര വായന കൂടി സാദ്ധ്യമാകും വിധമാണ് ചിത്രങ്ങളുടെ ക്രമീകരണം.

ചുമർ ശിൽപ്പങ്ങൾക്കു പുറമെ ആൽത്തറ നവീകരണം, പവലിയൻ ഒരുക്കൽ , മ്യൂസിയം നിർമ്മാണം , കുളക്കടവ്‌ നവീകരണം എന്നിവയും തളി പൈതൃക ടൂറിസം പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി ഡി.ടി.പി.സി യിൽ നിന്ന് ഒരു കോടിയും എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷവും അനുവദിച്ചിരുന്നു. ജില്ലാ നിർമിതി കേന്ദ്രയിലെ ആർക്കിടെക്ടായ വി.ആർ. ഗാഥയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനം അടുത്ത മാസം തുടക്കത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.