restrict
കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ നടപ്പാക്കിയ നിയന്ത്രണത്തിന്റെ ഭാഗമായി ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിന് സമീപം നടന്ന വാഹന പരിശോധന.

കോഴിക്കോട്: കെെവിട്ടു കുതിക്കുന്ന കൊവിഡിനെ കെട്ടാൻ കൊണ്ടുവന്ന വാരാന്ത്യ നിയന്ത്രണം ജില്ലയിൽ ലോക്ക് ഡൗണിന് സമാനമായി. പലയിടങ്ങളിലും അവശ്യ സർവീസുകൾ മാത്രം പ്രവർത്തിച്ചു. നിയന്ത്രണങ്ങൾ നടപ്പാക്കാൻ പരിശോധനയും കർശന നടപടികളുമായി പൊലീസ് ഗ്രാമ-നഗര വ്യത്യാസമില്ലാതെ രംഗത്തുണ്ടായിരുന്നു. ആളുകൾ കൂടുതലായി എത്താൻ സാധ്യതയുളള പാളയം, മിഠായിത്തെരുവ്, വലിയങ്ങാടി. ബസ് സ്റ്റാൻഡുകൾ, ബീച്ച് എന്നിവിടങ്ങളിൽ പൊലീസ് അതിരാവിലെ തന്നെ നിയന്ത്രണം കടുപ്പിച്ചിരുന്നു. പൊതുഗതാഗതവും അവശ്യ സർവീസും അനുവദിച്ചതിനാൽ റോഡുകളിൽ വാഹനങ്ങൾ ഉണ്ടായിരുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലും നിരത്തിലിറങ്ങിയത്. നിസാര കാര്യങ്ങൾക്ക് പുറത്തിറങ്ങിയവരെ പൊലീസ് മടക്കി അയക്കുകയും 500രൂപ പിഴ ഈടാക്കുകയും ചെയ്തു. ചിലരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. സത്യപ്രസ്താവനയോ മറ്റുരേഖകളോ ഇല്ലാതെ വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കുമായി പുറത്തിറങ്ങിയവർക്ക് നിർദ്ദേശം നൽകിയാണ് പൊലീസ് അയച്ചത്. ആദ്യ ദിനമായതിനാൽ നേരിയ ഇളവുകൾ പൊലീസ് നൽകിയെങ്കിലും വരും ദിവസങ്ങളിൽ നിയന്ത്രണം ശക്തമാക്കാനാണ് ആലോചന.

ഭക്ഷണം, ഭക്ഷ്യവസ്തുക്കൾ, പഴം-പച്ചക്കറി, പാൽ, ഇറച്ചി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിച്ചെങ്കിലും പൊതുവേ തിരക്ക് കുറവായിരുന്നു. പലരും നേരത്തെ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തുറന്നെങ്കിലും ഇരുത്തി ഭക്ഷണം നൽകിയില്ല.

ഹയർസെക്കൻഡറി പരീക്ഷകൾ പതിവുപോലെ നടന്നു. അടിയന്തര സേവനങ്ങളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കേന്ദ്ര, സംസ്ഥാന ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ തോതിൽ പ്രവർത്തിച്ചു. ജീവനക്കാർ തിരിച്ചറിയൽ രേഖയോടെയാണ് യാത്ര നടത്തിയത്. ഉച്ച കഴിഞ്ഞ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമായിരുന്നെങ്കിലും ആളുകൾ പൂർണമായും സഹകരിക്കുന്ന കാഴ്ചയായിരുന്നു എവിടെയും.

 ഉച്ചയോടെ സർവീസ് അവസാനിപ്പിച്ച് ബസുകൾ

യാത്രക്കാർ പൊതുവേ കുറവായതിനാൽ സ്വകാര്യ ബസുകൾ പലതും ഉച്ചയോടെ സർവീസ് അവസാനിപ്പിച്ചു. രാവിലെയും വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമാണ് ബസുകളിൽ ഉണ്ടായിരുന്നത്. രാവിലെ സർവീസ് നടത്തിയ ബാലുശ്ശേരി- കോഴിക്കോട്, കോഴിക്കോട് - കൊയിലാണ്ടി തുടങ്ങിയ ദീ‌ർഘദൂര ബസുകളിൽ പലതും ഉച്ചയ്ക്കുശേഷം ഓടിയില്ല. ഹയർസെക്കൻഡറി പരീക്ഷ പരിഗണിച്ചാണ് ബസുകളിലധികവും സർവീസ് നടത്തിയത്. ഓട്ടോ ടാക്സി ആവശ്യത്തിന് മാത്രമാണ് ഓടിയത്. കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തിയെങ്കിലും ഉച്ചയോടെ പലതും ഓട്ടം നിറുത്തി.

തിരക്കൊഴിയാതെ വാക്സിൻ കേന്ദ്രങ്ങൾ

നിയന്ത്രണം കർശനമാക്കിയെങ്കിലും വാക്സിൻ കേന്ദ്രങ്ങളിൽ ഇന്നലെയും തിരക്ക് അനുഭവപ്പെട്ടു. രജിസ്ട്രേഷൻ ചെയ്തവർ മാത്രം എത്തിയതിനാൽ ഉന്തും തള്ളുമുണ്ടായില്ല. വാക്സിൻ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതരും ശ്രദ്ധിച്ചു. ഇരു ചക്രവാഹനങ്ങളിലാണ് കൂടുതൽ പേരും എത്തിയത്.