കോഴിക്കോട്: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി (ടി.പി.ആർ)കുതിച്ചുയരുകയാണ്. ഇന്നലെ 26.56 ശതമാനത്തിലെത്തിയത് ആശങ്ക ഉയർത്തുകയാണ്. രാജ്യത്തു തന്നെ ഏറ്റവും വലിയ പരിശോധനാ നിരക്കാണ് കോഴിക്കോട് രേഖപ്പെടുത്തിയത്. 3767 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ രണ്ട് പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 15 പേർക്കും പോസിറ്റീവായി. 44 പേരുടെ ഉറവിടം വ്യക്തമല്ല. 3706 പേരും രോഗികളായത് സമ്പർക്കത്തിലൂടെയാണ്. 858 പേർ രോഗമുക്തി നേടി. 14671 സ്രവസാമ്പിൾ പരിശോധനയ്ക്കയച്ചു. കോഴിക്കോട് കോർപ്പറേഷനിൽ മാത്രം 1409 പേർക്കാണ് സമ്പർക്കം വഴി രോഗം വന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ - 26097, കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ - 263, മറ്റുജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ - 69.
തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമുകൾ
കോഴിക്കോട്: ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കൊവിഡ് കൺട്രോൾ റൂമുകൾ സജ്ജമായി. കൊവിഡ് പോസിറ്റീവായവരുടെ വിവരങ്ങൾ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ നിന്ന് ശേഖരിച്ച് അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ കണ്ടെത്തി പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുക എന്നതാണ് കൺട്രോൾ റൂമുകളുടെ പ്രധാന പ്രവർത്തനം. പോർട്ടലിൽ രേഖപ്പെടുത്തിയവരുമായി അതത് പ്രാദേശിക തലത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങളും സൗകര്യങ്ങളും നൽകും. ഒരു കൺട്രോൾ റൂമിൽ രണ്ടിൽ കൂടുതൽ പേരുണ്ടാകും. സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിലവിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പോസിറ്റീവായവരുടെ വിവരങ്ങൾ, വാർഡ്, ചികിത്സാ വിവരങ്ങൾ (ക്വാറന്റൈൻ, ആശുപത്രി) എന്നിവ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നത് കൺട്രോൾ റൂമുകളാണ്.