1
അറസ്റ്റിലായ പ്രതികൾ

കോഴിക്കോട്: സ്വർണ വ്യാപാരിയുടെ കല്ലായിയിലെ ഫ്ലാറ്റിൽ നിന്ന് 10 കിലോ സ്വർണം കവർന്ന കേസിൽ രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. ജിതേന്ദ്രസിംഗ്, പങ്കജ് സിംഗ് രജപുത് , പർവീൺ സിംഗ് എന്നിവരെയാണ് കസബ സി.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികളിൽ നിന്ന് 8 കിലോ സ്വർണാഭരണങ്ങളും കണ്ടെത്തി. ഏപ്രിൽ 3ന് രാത്രിയാണ് മോഷണം നടന്നത്. വ്യാപാരിയുടെ കല്ലായിലെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിൽ ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി ജിതേന്ദ്രസിംഗിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്നെന്നായിരുന്നു കേസ്. പരിക്കേറ്റ ജിതേന്ദ്രസിംഗ് ചികിത്സയിലായതിനാൽ പൊലീസിന്റെ പ്രാരംഭ അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നു. തുടർന്ന് സി.സി.ടി.വികളും മറ്റും പരിശോധിച്ചതിൽ നിന്ന് മോഷണം ആസൂത്രിതമായിരുന്നുവെന്ന് മനസിലാക്കിയ പൊലീസ് സ്വർണം വിൽക്കുന്നവരെ നിരീക്ഷിച്ചുവരികയായിരുന്നു. നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ എ.വി ജോണിന്റെ കീഴിൽ കസബ സി.ഐ ഷാജഹാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ പരിക്കേറ്റ ജിതേന്ദ്രസിംഗ് ആസൂത്രണം ചെയ്തതായിരുന്നു മോഷണമെന്ന് തെളിഞ്ഞു. കൂട്ടുപ്രതികളായ പങ്കജ് സിംഗ് രജപുത് , പർവീൺ സിംഗ് എന്നിവരെ ജിതേന്ദ്രസിംഗ് ഫ്ലാറ്റിന് സമീപത്തെ ലോഡ്ജിൽ താമസിപ്പിക്കുകയായിരുന്നു. മോഷണ ദിവസം രാത്രി ജിതേന്ദ്രസിംഗ് കൂടെയുണ്ടായിരുന്ന ജീവനക്കാരനെ ഭക്ഷണം വാങ്ങാനായി പറഞ്ഞയക്കുകയും മറ്റുള്ളവരെ വിളിച്ചു വരുത്തുകയുമായിരുന്നു. ഒരാളെ ഫ്ലാറ്റിനു മുന്നിൽ നിരീക്ഷണത്തിന് നിർത്തി സി.സി.ടി.വി ഓഫ് ചെയ്തതിനു ശേഷമായിരുന്നു മോഷണം. കവർച്ചയ്ക്ക് ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ജിതേന്ദ്ര സിംഗ് ശരീരത്തിൽ കത്തികൊണ്ട് മുറിവുണ്ടാക്കുകയായിരുന്നു. മോഷണം നടത്തി മുങ്ങിയ പ്രതികളെ ഗോവയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ മുംബൈയിലുളള പത്തോളം കുടുംബ സുഹൃത്തുക്കളുടെ വീടുകളിൽ നിന്നാണ് മോഷ്ടിച്ച 8 കിലോ ആഭരണങ്ങൾ കണ്ടെത്തിയത്. ബാക്കിയുള്ള രണ്ട് കിലോ സ്വർണം പർവീൻ സിംഗിന്റെ കൈവശമുണ്ടെന്ന് സമ്മതിച്ചു. അന്വേഷണ സംഘത്തിൽ എസ് .ഐ ശ്രീജേഷ്, ഡാൻ സാഫ് അംഗങ്ങളായ എ.എസ്.ഐമാരായ മുഹമ്മത് ഷാഫി , സജി എം , എസ്.സി.പി ഒമാരായ അഖിലേഷ് , ജോമോൻ സി.പി.ഒ ജിനേഷ് . കസബ സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ രതീഷ് , ശിവദാസൻ സി, രഞ്ജീഷ് , ഷറീന, സി.പി.ഒ വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.