1
ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണത്തിൽ താമരശ്ശേരിയിൽ പരിശോധന നടത്തുന്ന പൊലീസ്

താമരശ്ശേരി: കൊവിഡ് വ്യാപനം കുറക്കുന്നതിനായി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ മലയോര മേഖലയിലെ നഗരങ്ങൾ നിശ്ചലമായി.താമരശ്ശേരി പട്ടണത്തിൽ പരീക്ഷ എഴുതാനായി പോകുന്ന ഏതാനും വിദ്യാർത്ഥികളും, ദീർഘദൂര ബസിൽ വന്നിറങ്ങിയ ഏതാനുമാളുകളും മാത്രമാണ് റോഡിൽ ഉണ്ടായിരുന്നത്. കെ.എസ്.ആർ.ടി സി ബസുകൾ വയനാട് റൂട്ടിലും, അടിവാരം ഭാഗത്തേക്കും, കോഴിക്കോട്ടേക്കും സർവീസ് നടത്തി, എന്നാൽ യാത്രക്കാർ വളരെ കുറവായിരുന്നു. എയർപോർട്ട്, റെയിൽ വേ സ്റ്റേഷൻ, ആശുപത്രികൾ ,വിവാഹം തുടങ്ങിയ ആവശ്യത്തിനായി നിരത്തിലിറക്കിയ വാഹനങ്ങൾ പൊലീസ് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. പൊലീസിന്റെ നേതൃത്വത്തിൽ താരമശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വാഹന പരിശോധന നടത്തി. നിയമലംഘനം നടത്തിയ നിരവധി പേരിൽ നിന്നും പിഴയിടാക്കി.അവശ്യസാധനങ്ങളും മരുന്നുകളും വിൽക്കുന്ന കടകളും, ആശുപത്രികളും തുറന്ന് പ്രർത്തിച്ചു. നാളെയും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് താമരശ്ശേരി പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ് പറഞ്ഞു.