കോഴിക്കോട്: കൊവിഡ് പ്രതിരോധ വാക്‌സിൻ ചെലവ് സംസ്ഥാനങ്ങളുടെ മേൽ അടച്ചേല്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ 28ന് എൽ.ഡി.എഫ് പ്രതിഷേധസമരം സംഘടിപ്പിക്കും. വീട്ടുമുറ്റങ്ങളിൽ അണിചേർന്നുള്ള ഈ പ്രതിഷേധത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമുണ്ടാവണമെന്ന് സി. പി.എം ജില്ലാ സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
വാക്‌സിൻ സൗജന്യവും സാർവത്രികവുമായി ലഭ്യമാക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്. അതു ഉറപ്പാക്കേണ്ട ഭരണഘടനാപരമായ ബാദ്ധ്യതയുണ്ട് കേന്ദ്ര സർക്കാരിന്.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ ഇപ്പോൾ ഭാരത് ബയോടെക്കും വാക്‌സിനിന്റെ വില കൂട്ടിയിരിക്കുകയാണ്. മഹാമാരിയുടെ തീവ്രവ്യാപനം അവസരമാക്കി വൻകൊള്ളയ്ക്ക് മുതിർന്നിരിക്കുകയാണ് കമ്പനികൾ.
കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് ലാഭകരമായ നിരക്കിൽ നൽകി വരുന്ന വാക്‌സിനാണിപ്പോൾ സംസ്ഥാനങ്ങൾക്ക് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ എന്നിങ്ങനെ വില കുത്തനെ ഉയർത്തിയത്. ഇതുവഴി ആയിരക്കണക്കിന് കോടിയുടെ അധിക ലാഭം കൊയ്യുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ കോർപ്പറേറ്റ് കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ് കേന്ദ്ര സർക്കാർ.
പ്രാണവായു കിട്ടാതെ ശ്വാസംമുട്ടി ജനങ്ങൾ മരിക്കുന്ന അവസ്ഥയലേക്ക് ഇന്ത്യയെ എത്തിച്ചത് കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങളാണ്. ആരോഗ്യമേഖലയെ സ്വകാര്യ കുത്തകകളുടെ വിപണി താത്പര്യങ്ങൾക്കു വിട്ടുകൊടുക്കുന്ന നയങ്ങൾ തിരുത്താതെ ജനങ്ങളെ രക്ഷിക്കാനാവില്ല. പ്രതിസന്ധി അതിജീവിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ യജ്ഞത്തിനൊപ്പം നിൽക്കാൻ വാക്‌സിൻ ചാലഞ്ച് ഏറ്റെടുക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.