കോഴിക്കോട്. രക്തദാനത്തിന് തടസം നേരിടാത്ത വിധം കൊവിഡ് വാക്സിനേഷൻ ക്രമീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്ത് കഴിഞ്ഞാൽ പിന്നെയും രക്തദാനത്തിന് 28 ദിവസം വരെ കാത്തിരിക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. രക്തദാതാക്കളെല്ലാവരും കൂട്ടത്തോടെ വാക്സിൻ എടുക്കുന്നത് രക്തം ലഭിക്കാതെയുള്ള മരണങ്ങൾക്കിടയാക്കുമെന്ന് ആശങ്കയുണ്ട്.തലാസീമിയ പോലുള്ള രോഗികൾ പതിനഞ്ച് ദിവസം കൂടുമ്പോൾ രക്തം ആവശ്യമുള്ളവരാണ്.വാക്സിൻ എടുക്കുന്ന ദാതാക്കൾ അറുപതും എഴുപതും അതിലധികവും ദിവസങ്ങൾ രക്തദാനത്തിൽ നിന്നും മാറിനിൽക്കേണ്ടി വരുന്നത് രക്തം ആവശ്യമുള്ള രോഗികളെ ദുരിതത്തിലാക്കും. കൊവിഡ് വ്യാപനം രൂക്ഷമായതോടെ രക്തക്ഷാമമാണ് രക്തബാങ്കുകളിൽ അനുഭവപ്പെടുന്നത്. രക്തദാനം മുടങ്ങാതെ വാക്സിനേഷൻ ക്രമീകരിക്കാൻ നടപടിയുണ്ടാവണം. രക്തബാങ്കുകളിൽ പൂർണ സുരക്ഷയൊരുക്കിയ സാഹചര്യത്തിൽ നിർഭയമായി രക്തദാനം നടത്താൻ ദാതാക്കൾ മുന്നോട്ട് വരണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.