പേരാമ്പ്ര: സി.പി.ഐ നേതാവും ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എഴുത്തുകാരനുമായ കോളിയോട്ട് മാധവൻ (79) നിര്യാതനായി.
സി.പി.ഐ പേരാമ്പ്ര മണ്ഡലം അസി. സെക്രട്ടറി, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, പേരാമ്പ്ര റീജിനൽ കോ - ഓപ്പറേറ്റീവ് ബാങ്കേ ഡയറക്ടർ, എം. കുമാരൻ മാസ്റ്റർ പഠനകേന്ദ്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കൃഷി വകുപ്പിൽ നിന്ന് സീനിയർ സൂപ്രണ്ടായാണ് വിരമിച്ചത്. വർക്കേഴ്സ് കോ - ഓർഡിനേഷൻ കൗൺസിലിന്റെ മുഖ്യസംഘാടകനായിരുന്ന അദ്ദേഹം യുവകലാസാഹിതി കോഴിക്കോട് ഘടകം സ്ഥാപകരിൽ ഒരാളാണ്.
സർവേ ഓഫ് ഇന്ത്യയിൽ (ഹൈദരാബാദ് ) ജോലി ചെയ്യവേ കമ്മ്യൂണിസ്റ്റെന്ന പേരിൽ സർവീസിൽ നിന്ന് പിരിച്ചുവിടപ്പെടുകയായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരത്തിൽ വന്ന ശേഷമാണ് ഇവിടെ ജോലി കിട്ടിയത്.
അകലം (കവിതാ സമാഹാരം), അറിവുകൾ, അനുഭവങ്ങൾ, അനുമാനങ്ങൾ ച്രരിത്രപഠനം) പി.ആർ.നമ്പ്യാർ ജീവചരിത്രം, കരംചന്ദ് ഗാന്ധി കാൾ മാർക്സിനെതിരല്ല (ലേഖന സമാഹാരം), ചായം പൂശിയ ഓർമ്മകൾ (പ്രാദേശികചരിത്രം) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
പരേതരായ കോളിയോട്ട് ഗോവിന്ദൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ശാലിനി, സിനി. മരുമക്കൾ: ജോ മാത്യു (ഡയറക്ടർ, രാജ്യസഭ സെക്രട്ടേറിയറ്റ്, ഡൽഹി), ശശിധരൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, സിവിൽ സപ്ലൈസ് ). സഹോദരങ്ങൾ: ശ്രീദേവി അമ്മ, നാരായണി അമ്മ, അച്ചുതൻ നായർ, ജാനകി അമ്മ, മീനാക്ഷി അമ്മ, ദാക്ഷായണി അമ്മ.