img20210425

മുക്കം (കോഴിക്കോട്): ഇരുവഞ്ഞിപ്പുഴ കടവുകളിൽ കുളിക്കാനും അലക്കാനും എത്തുന്നവർക്ക് നീർനായ്‌ക്കളുടെ കടിയേൽക്കുന്നത് പതിവായി. ഇന്നലെയും മിനിഞ്ഞാന്നുമായി രണ്ടു കുട്ടികളടക്കം നാലു പേർക്ക് കടിയേറ്റു.

കാരശേരി തിരുവാലൂർ ഇല്ലത്ത് മധുസൂദനൻ നമ്പൂതിരിയുടെ മക്കളായ ശ്രീകുമാർ (13), ശ്രീനന്ദ (9) എന്നിവർക്ക് കുളിക്കുന്നതിനിടെയാണ് കടിയേറ്റത്. അമ്മയോടൊപ്പമെത്തി പുഴയിലിറങ്ങിയ ഇരുവരെയും നീർനായ്‌ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കാലിന് മുറിവേറ്റ ഇരുവരെയും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

കൊടിയത്തൂർ കാരാട്ട്കടവിൽ തുണി അലക്കുകയായിരുന്ന കാരാട്ട് കുഞ്ഞാലിയുടെ ഭാര്യ പാത്തുമ്മയും (60) ഇന്നലെ നീർനായയുടെ ആക്രമണത്തിന് ഇരയായി. പാഴൂർ ഇടവഴിക്കടവിൽ തുണി അലക്കാനെത്തിയ കരുവാൻതൊടി ഖദീജയ്ക്ക് (60) ശനിയാഴ്ച ഉച്ചയോടെയാണ് കടിയേറ്റത് . ഇവരും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.