പുൽപ്പള്ളി; കൊവിഡ് വ്യാപനം രുക്ഷമായതോടെ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർ‌ഡുകളും അടച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിൽ 200 പേർക്ക് രോഗം ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടി. പഞ്ചായത്തിലെ എല്ലാ വാർഡുകളും അടച്ചിടാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. അവശ്യവസ്തുക്കൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ചില വാർഡുകളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെയാണ് അതിർത്തി പ്രദേശങ്ങളിലും കനത്ത ജാഗ്രത പുലർത്തുന്നത്. കബനി നദിയിൽ തോണി സർവീസ് നിറുത്തിവക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കർണാടകയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. ആദ്യഘട്ടത്തിൽ രണ്ട് ദിവസത്തേക്കാണ്‌തോണി സർവീസ് നിറുത്തുക. അനാവശ്യമായി ആരും പുറത്തിറങ്ങി നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് പട്രോളിംഗ് ഊർജിതമാക്കി.

പുൽപ്പള്ളി ടൗണിൽ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ അവധിയ്ക്കുശേഷം തിങ്കളാഴ്ച ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്താനും പൊലീസ് ശ്രദ്ധിക്കുന്നുണ്ട്. അത്യാവശ്യകാര്യങ്ങൾക്കും മ​റ്റും എത്തുന്നവരെ ഒഴികെ ബാക്കി എല്ലാവരെയും മടക്കി വിടാനാണ് തീരുമാനം.