ചീരാൽ: കൊവിഡ് വ്യാപനം രൂക്ഷമായ നെന്മേനി പഞ്ചായത്തിലെ ചിരാൽ ടൗണിൽ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ വരുന്നവർ കൊവിഡ് 19 ജാഗ്രത പോർട്ടലിൽ പേര് രജിസ്​റ്റർ ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് ക്യു.ആർ കോഡ് സംവിധാനം നടപ്പിലാക്കി. ജില്ലയിൽ ഇത്തരത്തിലുള്ള സംവിധാനം ആരോഗ്യ വകുപ്പ് മുൻകൈയെടുത്ത് ടൗണിൽ നടത്തുന്നത് ഇതാദ്യമാണ്. മ​റ്റ് ടൗണുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് നീക്കം.
സാധനങ്ങൾ വാങ്ങാനെത്തുന്നവർ കടകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ.കോഡ് മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്യുന്നതോടെ ആ വ്യക്തിയുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ പോർട്ടലിലെത്തും. സ്‌കാൻ ചെയ്തത് വ്യാപാരിയെ കാണിച്ചുകൊടുത്താൽ മാത്രമേ സാധനങ്ങൾ നൽകുകയുള്ളു. സ്മാർട്ട്‌ ഫോണില്ലാതെ വരുന്നവരുടെ പേര് വിവരം മാത്രമേ വ്യാപാരസ്ഥാപനങ്ങൾ രേഖപ്പെടുത്തേണ്ടതുള്ളു.

പ്രദേശത്ത് കൊവിഡ്‌ വ്യാപനം കൂടിയാൽ വ്യാപാരസ്ഥാപനങ്ങളിൽ എത്തിയവരുടെ വിവരങ്ങൾ വെച്ച് ആളുകളെ കണ്ടെത്താനും പരിശോധന നടത്താനും സഹായകമാകും.