1
വനപാലകരുടെ നേതൃത്വത്തിൽ കാളംകോട് കോളനിയിൽ കുടിവെള്ളം എത്തിച്ചപ്പോൾ

തിരുനെല്ലി: കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുന്ന ആദിവാസി കുടുംബങ്ങളെ മറ്റെല്ലാവരും കൈവിട്ടപ്പോൾ കോളനികളിൽ ശുദ്ധജലമെത്തിക്കാൻ വനം വകുപ്പ് ജീവനക്കാർ രംഗത്തെത്തി.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ ചേക്കോട് കാളംകോട് കോളനിയലെ കുടുംബങ്ങൾക്കാണ് വനപാലകർ കുടിവെള്ളമെത്തിച്ചത്. അടിയ വിഭാഗത്തിൽ പെട്ട തൊണ്ണൂറോളം കുടുംബങ്ങളാണ് കാളം കോട് കോളനിയിൽ താമസിക്കുന്നത്. നേരത്തേ ജലനിധി പദ്ധതി മുഖേനയായിരുന്നു കോളനിയിലെ കുടിവെള്ള വിതരണം. വർഷങ്ങൾക്ക് മുമ്പ് ജലനിധി കുടിവെള്ളം മുടങ്ങിയതോടെ കോളനിക്കാർക്ക് ശുദ്ധജലം ലഭ്യമല്ലാതായി. പിന്നീട് കോളനിക്ക് സമീപം താമസിക്കുന്നവർ വനത്തിലെ നീരുറവയിൽ നിന്നു പൈപ്പിട്ട് കൊണ്ടുവരുന്ന കുടിവെള്ളമായിരുന്നു കോളനിക്കാർക്കും ആശ്രയം. കുടിവെള്ളം എത്തിക്കാൻ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും പാപനാശിനി വി.എസ്.എസും കോളനിവാസികളും ഒന്നിച്ച് രംഗത്തിറങ്ങുകയായിരുന്നു.

മാനന്തവാടി തിരുനെല്ലി റോഡിൽ നിന്നു 100 മീറ്റർ അകലെ വനത്തിനുള്ളിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച അക്കൽതോട് കുളം വനപാലകരുടെ നേതൃത്വത്തിൽ നവീകരിച്ചു. പിന്നീട് കുളത്തിൽ നിന്നു 900 മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് നേരത്തേ കോളനിയിൽ ജലനിധി സ്ഥാപിച്ച ടാങ്കിൽ കുടിവെള്ളമെത്തിക്കുകയായിരുന്നു.

ശ്രമദാന യജ്ഞത്തിന് തിരുനെല്ലി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.വി ജയപ്രസാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി.ആർ. പ്രപഞ്ച്, വി.പി.ഹരികൃഷ്ണൻ, വാച്ചർമാരായ കെ.എം. കുര്യൻ, ഐ. ചന്തു തുടങ്ങിയവർ നേതൃത്വം നൽകി.