boat

കോഴിക്കോട് : മംഗളൂരു പുറംകടലിൽ മീൻപിടിത്ത ബോട്ടിൽ വിദേശ ചരക്കുകപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ നഷ്ടപരിഹാരം തേടി ബോട്ട് ഉടമ ബേപ്പൂരിലെ എം.ജാഫർ കർണാടക ഹൈക്കോടതിയെ സമീപിച്ചു. സിംഗപ്പൂർ ആസ്ഥാനമായുള്ള കപ്പൽ കമ്പനിയുടെ പ്രതിനിധികളുമായി ബോട്ട് ഓപ്പറേറ്റീവ് അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ടസാഹചര്യത്തിലാണിത്. നേരത്തെ ഇറ്റാലിയൻ കപ്പൽ എന്റിക്ക ലെക്സിയുടെ ഉടമകൾക്കെതിരെ കേസ് വാദിച്ച അഡ്വ. സി. ഉണ്ണികൃഷ്ണനാണ് കോടതിയിൽ ഹാജരാവുന്നത്.

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റ് ചികിത്സയിലുള്ള തൊഴിലാളികൾക്കും അർഹമായ നഷ്ട പരിഹാരം ലഭിക്കണം. ആകെ തകർന്നുപോയ ബോട്ടിനും നഷ്ടപരിഹാരം കിട്ടേണ്ടതുണ്ട്. 1. 30 കോടി രൂപ വില വരുന്നതാണ് ഈ ബോട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ തെരച്ചിലിനും മറ്റുമായി അസോസിയേഷന് ആറു ലക്ഷം രൂപയിലേറെ ചെലവായിട്ടുമുണ്ട്.

ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനായി തിരിച്ച 'റബ്ബ" ബോട്ടാണ് കഴിഞ്ഞ 12 ന് രാത്രി മംഗളൂരു തീരത്തു നിന്ന് 26 നോട്ടിക്കൽ മൈൽ അകലെ കപ്പലിടിച്ച് തകർന്നത്. ആകെ 14 പേരുണ്ടായിരുന്ന ബോട്ടിലെ 6 പേർ അപകടത്തിൽ മരിച്ചു. രണ്ടു പേർ രക്ഷപ്പെട്ടു. 6 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തമിഴ്നാട്, പശ്ചിമ ബംഗാൾ സ്വദേശികളാണ് തൊഴിലാളികൾ.