കോഴിക്കോട്: കോഴി വില കുത്തനെ ഇടിഞ്ഞതോടെ ആശങ്കയിലായി കർഷകരും കച്ചവടക്കാരും. വിഷു സീസണിൽ ഉയർന്ന വില റംസാൻ കാലത്തും മാറ്റമില്ലാതെ തുടരുമെന്ന് കരുതിയിരിക്കെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ കൂപ്പുകുത്തിയത്. വില കുറഞ്ഞതിനനുസരിച്ച് വിൽപ്പനയിൽ കാര്യമായ മാറ്റമില്ലാത്തതാണ് കച്ചവടക്കാരിൽ നിരാശയുണ്ടാക്കിയത്.
കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി എത്തിയ കൊവിഡും ലോക്ക് ഡൗണും കോഴി വിപണിയെ സാരമായി ബാധിച്ചിരുന്നു. കൊവിഡിന്റെ രണ്ടാം വരവും കോഴി വിൽപ്പനയിൽ വലിയ ഇടിവാണ് ഉണ്ടാക്കിയതെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ വർഷം ഉത്പ്പാദനം വർദ്ധിച്ചതോടെ ലോഡ് കണക്കിന് കോഴികളാണ് വിഷു, നോമ്പ്, വിവാഹ ആഘോഷങ്ങൾ ലക്ഷ്യമാക്കി കേരളത്തിലേക്ക് എത്തിയത്. അവയെല്ലാം കടകളിൽ കെട്ടികിടക്കുകയാണ്. ഹോട്ടലുകളുടെ പ്രവർത്തന സമയം കുറച്ചതും കോഴി വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യവാരം 230 രൂപയുണ്ടായിരുന്ന കോഴിയിറച്ചി വില ഇന്നലെ 160 ആയി കുറഞ്ഞു. വിഷുദിവസം വരെ കോഴിക്ക് 150 രൂപയായിരുന്നത് ഇപ്പോൾ 110 രൂപയാണ്. വരുംദിവസങ്ങളിലും കുറയുമെന്നാണ് ചെറുകിട വ്യാപാരികളുടെ കണക്കുകൂട്ടൽ.
വിപണി വില കുറഞ്ഞതോടെ ഫാമുകളിൽ നിന്ന് 70 മുതൽ 85 രൂപ വരെ നൽകിയാണ് വ്യാപാരികൾ കോഴികളെ വാങ്ങിക്കുന്നത്. ഉത്പ്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാത്തതാണ് കോഴി കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
കോഴിത്തീറ്റയുടെ വിലക്കയറ്റവും കർഷകർക്ക് തിരിച്ചടിയായി. 50 കിലോ ചാക്കിന് 40 രൂപയാണ് ഇപ്പോഴത്തെ വില. അടുത്തിടെ കോഴിക്കുഞ്ഞുങ്ങളുടെ വില വൻതോതിൽ കുറഞ്ഞപ്പോൾ പരമാവധി കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയ കർഷകരെല്ലാം കോഴിത്തീറ്റ വിലയിൽ തൊട്ട് പൊള്ളിനിൽക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് കാലിത്തീറ്റയുടെ വിലകൂടാൻ കാരണമായി പറയുന്നതെങ്കിലും തമിഴ്‌നാട് ലോബിയുടെ ഇടപെടൽ ഇക്കാര്യത്തിലുണ്ടെന്നാണ് കർഷകരുടെ ആരോപണം.
'' സർക്കാരിന് കോടികൾ വരുമാനമുണ്ടാക്കുന്ന മേഖലയാണിത്. എന്നാൽ അതിനനുസരിച്ചുളള പരിഷ്ക്കാരങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. കോഴിക്കുഞ്ഞ് ഉത്പ്പാദനം, മുട്ടക്കോഴി വിതരണം തുടങ്ങിയവയുടെ വിപണി പോലും വേണ്ട വിധം കെെകാര്യം ചെയ്തിട്ടില്ല. '' താജുദ്ദീൻ, സംസ്ഥാന പ്രസിഡന്റ് , പൗൾട്രി ഫാം അസോസിയേഷൻ