വാർഡ്തലത്തിൽ ഏകോപനം ഊർജിതമാക്കും
രണ്ടു ദിവസം കൂടുമ്പോൾ അവലോകന യോഗം
കോഴിക്കോട്: അതിതീവ്രവ്യാപനം ചെറുക്കാൻ കൊവിഡ് മുക്ത വാർഡ് എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ നേതൃത്വത്തിൽ താഴെത്തട്ടിൽ പ്രതിരോധം കൂടുതൽ ശക്തമാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി.
രാഷ്ട്രീയ - മത - സാമൂഹിക പ്രസ്ഥാനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടെയായിരിക്കും സമഗ്രതലത്തിലുള്ള പ്രതിരോധയജ്ഞം. വാർഡ്തല പ്രവർത്തനം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഫലപ്രദമായി ഏകോപിപ്പിക്കും. ഇതിനായി വാർഡ്തല റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനം പരമാവധി സജീവമാക്കും.
കണ്ടെയ്ൻമെന്റ് സോണിലും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ മുഴുവൻ ജനങ്ങളും തയ്യാറാവണമെന്ന് യോഗം അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കാൻ തീരുമാനമായി.
രോഗവ്യാപനം തടയാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കളക്ടറുടെയും സിറ്റി, റൂറൽ പൊലീസ് മേധാവിമാരുടെയും നിരന്തര മേൽനോട്ടമുണ്ടാവും. പ്രാദേശിക തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും സെക്രട്ടറിമാരുടെയും യോഗം രണ്ടു ദിവസം കൂടമ്പോൾ ചേരും.
ഓക്സിജൻ ഉത്പാദന
പ്ലാന്റ് അനിവാര്യം
ജില്ലയിൽ ഓക്‌സിജൻ ഉത്പാദന പ്ലാന്റ് സ്ഥാപിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കും. ഇപ്പോൾ മെഡിക്കൽ കോളേജിൽ പത്ത് കിലോ ലിറ്ററിന്റെ ലിക്വിഡ് ഓക്‌സിജൻ ടാങ്കാണുളളത്. കൊവിഡ് ആശുപത്രിയിൽ ഉപയോഗപ്പെടുത്തുന്നത് രണ്ട് കിലോ ലിറ്ററിന്റെ 300 ഡി ടൈപ്പ് സിലിൻഡറുകളാണ്. ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽ ആറ് കിലോ ലിറ്റർ വീതമുളള രണ്ട് ടാങ്കുകൾ ഒരുക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളും.
യോഗത്തിൽ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ എന്നിവർ സംബന്ധിച്ചു. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളിൽ മതിയായ ഓക്‌സിജൻ സൗകര്യം ഉണ്ടെന്ന് കളക്ടർ എസ്.സാംബശിവ റാവു വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ 60 മുതൽ 70 ശതമാനം വരെ കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
എം.പി മാരായ എം.കെ.രാഘവൻ, കെ. മുരളീധരൻ, എം.എൽ.എ.മാരായ സി.കെ.നാണു, വി.കെ.സി.മമ്മദ്കോയ, പി.ടി.എ. റഹീം, ഇ.കെ.വിജയൻ, എം.പ്രദീപ്കമാർ, ജോർജ് എം.തോമസ്, പാറക്കൽ അബ്ദുളള, ഡി.എം.ഒ ഡോ.വി.ജയശ്രീ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.മോഹനൻ , ടി.വി.ബാലൻ, യു.രാജീവൻ, ഉമ്മർ പാണ്ടികശാല, അഡ്വ.വികെ.സജീവൻ, അഡ്വ.വി.സത്യപ്രസാദ്, എം.എ. റസാഖ്, സി.പി. ഹമീദ് തുടങ്ങിയവരും പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
1. ടെസ്റ്റിന് വിധേയരായവർ പുറത്തിറങ്ങുന്നത് തടയാൻ ആർ.ആർ.ടി വളണ്ടിയർമാരും പൊലീസും നിരീക്ഷണം ശക്തമാക്കും.
2. ടെസ്റ്റ് റിസൽട്ട് വേഗത്തിൽ ലഭ്യമാക്കുന്നതിന് സ്വകാര്യ മെഡിക്കൽ കോളേജിലെ എക്‌സ്ട്രാക്ടിംഗ് മെഷീൻ ഏറ്റെടുക്കും.
3. ടി.പി.ആർ 25 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിക്കും.
4. എഫ്.എൽ.ടി.സി കളിൽ സന്നദ്ധസേവനം നൽകാൻ സഹകരണ ആശുപത്രികൾ ഉൾപ്പെടെയുള്ളവയുടെ സഹകരണം തേടും.
5. കണ്ടെയ്ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലെ ആരാധനാലയങ്ങളിൽ പരിധി ലംഘിച്ചാൽ ചുമതലക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.
6. പട്ടികവർഗ കോളനികളിൽ ടെസ്റ്റിനും വാക്‌സിനേഷനും പ്രത്യേക സൗകര്യമൊരുക്കും.
7. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ രജിസ്റ്റർ ചെയ്യുന്നവരുടെ സമയക്രമം കർശനമായി ഉറപ്പാക്കും.