കോഴിക്കോട്: കൊവിഡ് ഭീതിയിലും പാതയോരങ്ങളിൽ മധുരം പകർന്ന് 'മാമ്പഴ വണ്ടികൾ '.
പല രുചിയിലും വലുപ്പത്തിലും നിറത്തിലുമുള്ള മാമ്പഴങ്ങളാണ് നിയന്ത്രണങ്ങൾക്കിടയിലും നിരത്തുവക്കിൽ നിറഞ്ഞിരിക്കുന്നത്. കൂട്ടത്തിൽ പ്രിയങ്കരൻ 'ചക്കരക്കുട്ടി'യാണ്. കാഴ്ചയിൽ സുന്ദരനായ ഇത്തിരിക്കുഞ്ഞൻ മാമ്പഴത്തിന് വില അൽപ്പം കൂടുതലാണ്. കിലോയ്ക് 200 രൂപ!. ആന്ധ്രയിൽ നിന്നെത്തിയ 'ബങ്കനപ്പള്ളി' യാണ് മറ്റൊരിനം. 'വിദേശി'യായ ഇവന് കിലോയ്ക് 70 രൂപയാണ്. മധുരത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല ഈ വരത്തൻ മാമ്പഴം.'ബദ്ദ് ' എന്ന വിളിപ്പേരുള്ള നാടൻ മാമ്പഴത്തിന്റെ വില കിലോയ്ക് 50 രൂപയാണ്. കൂടാതെ മൽഗോവയും ജഹാംഗീറും ചുവന്ന് തുടുത്ത സിന്ദൂറും അറ്റംകൂർത്ത ദിൽപസന്തും ഉദാദത്തും റുമാനിയയും എല്ലാമുണ്ട് വിപണിയിൽ.
ആന്ധ്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും മാമ്പഴം എത്തുന്നത്. കേരളത്തിൽ മാമ്പഴകൃഷിയുള്ളത് പാലക്കാട് മുതലമടയിൽ മാത്രമാണ്. തമിഴ്നാടിനോട് ചേർന്ന ഈ ഗ്രാമത്തിൽ നിന്ന് നേരിട്ട് മാമ്പഴങ്ങൾ എത്തിക്കുന്നവരുമുണ്ട്. ഇടനിലക്കാർ വഴിയാണ്
അന്യസംസ്ഥാന മാമ്പഴങ്ങൾ ഇവിടേക്ക് എത്തുന്നത്. കൊവിഡ് രണ്ടാംതരംഗം വലിയ തോതിലാണ് മാമ്പഴ വിപണിയെ ബാധിച്ചിരിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
'മുൻകാലങ്ങളിലുണ്ടായിരുന്ന കച്ചവടം കഴിഞ്ഞ സീസണിലും ഇത്തവണയും ഉണ്ടായില്ല. റംസാൻ സീസണായതിനാൽ മാമ്പഴം വിറ്റുപോകുമെന്ന പ്രതീക്ഷയുണ്ട്. സാദിഖ്, മാമ്പഴ വ്യാപാരി