checking
കോഴിക്കോട് ഭട്ട് റോഡിൽ പൊലീസുകാർ പരിശോധനയ്ക്കിടെ

 പ്രധാന റോഡുകളിൽ ബാരിക്കേഡ് വെച്ച് പരിശോധന

 വിലക്ക് ലംഘിച്ചാൽ കേസ് നേരിടേണ്ടത് കോടതിയിൽ

കോഴിക്കോട്: കൊവിഡ് രണ്ടാംതരംഗത്തിന്റെ അതിതീവ്ര വ്യാപനം ചെറുക്കാൻ കടുപ്പിച്ച നിയന്ത്രണങ്ങളുമായി വിട്ടുവീഴ്ചയില്ലാതെ പൊലീസ് സേന. ലോക്ക് ഡൗണിലേതു പോലുള്ള കർശന പരിശോധനയും നിരീക്ഷണവുമാണെങ്ങും. എ.ഡി.ജി.പി വിജയ്‌ സാഖറെയുടെ മേൽനോട്ടത്തിൽ സ്ഥിതിഗതികളുടെ വിലയിരുത്തൽ നിരന്തരം നടത്തുന്നുമുണ്ട്.

വിലക്കുകൾ ലംഘിക്കപ്പെട്ടാൽ അതാതിടത്തെ എസ്.എച്ച്.ഒ മാർക്കായിരിക്കും ഉത്തരവാദിത്വം. അതുകൊണ്ടുതന്നെ, പഴുതടച്ചുള്ള പരിശോധനയാണ് റോഡുകളിലുൾപ്പെടെ.

അത്യാവശ്യമല്ലാത്ത യാത്രകൾ ആളുകൾ ഒഴിവാക്കുന്നുണ്ട്. ബസാറുകളിലും കവലകളിലും കൂട്ടംകൂടുന്നതും ഇല്ലാതായി. മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പിഴ ചുമത്തുന്നതും കേസെടുക്കുന്നതും സിറ്റി പരിധിയിലാണ്. പ്രധാന ജംഗ്ഷനുകളിലെന്ന പോലെ റോഡുകളിലും ബാരിക്കേഡുകൾ വച്ച് വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുന്നുണ്ട്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് - കണ്ടെയ്ൻമെന്റ് സോണുകളിൽ ബസുകളിലടക്കം കർശന പരിശോധനയാണ്.

ഓരോ സ്‌റ്റേഷൻ പരിധിയിലും രണ്ടിടത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പരിശോധന. ഇതിനു പുറമെ ബൈക്ക് പട്രോളിംഗ് നടത്താനും പൊലീസിന് നിർദ്ദേശമുണ്ട്. ഒരു സ്‌റ്റേഷൻ പരിധിയിൽ മൂന്നു ബൈക്കുകളെങ്കിലും പട്രോളിംഗിനുണ്ടാവും.

ജാഗ്രതാ പോർട്ടൽ പരിശോധിച്ച് സ്‌റ്റേഷൻ പരിധിയിൽ എത്ര പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ദിനംപ്രതി വിലയിരുത്തും. തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷണവിധേയരാക്കും. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലത്ത് നിരന്തര പട്രോളിംഗുണ്ടാവും. എസ്.എച്ച്.ഒ മാർ അപ്പപ്പോൾ വിവരങ്ങൾ മുകളിലേക്ക് കൈമാറും.

 റിസർവിൽ 10 %

പൊലീസുകാർക്കിടയിൽ രോഗവ്യാപനം കൂടുന്നുണ്ടെങ്കിലും മൊത്തം സംവിധാനത്തെ ബാധിക്കാത്ത രീതിയിൽ പ്രത്യേക ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. എല്ലാ പൊലീസ് സ്‌റ്റേഷനിലും മറ്റു സ്‌പെഷൽ യൂണിറ്റുകളിലും ജില്ലാ ഹെഡ് ക്വാട്ടേഴ്‌സിലും ഉൾപ്പെടെ 10ശതമാനം സ്റ്റാഫിനെ റിസർവിൽ നിറുത്തിയിരിക്കുകയാണ്. ഈ 10 ശതമാനം പേർ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഏഴ് ദിവസം സ്വന്തം വീട്ടിലോ മറ്റോ താമസിക്കണം. എട്ടാം ദിവസം ഇവർ സ്‌റ്റേഷനിൽ ഹാജരാകണം. ഈ സമയം ബദലായി 10 ശതമാനം പേർ മാറി നിൽക്കും. റിസർവിലുള്ളവർ ഏതു നിമിഷവും ഹാജരാകാൻ റെഡിയായിരിക്കണം.

 1306 കേസുകൾ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 1306 കേസുകൾ. നഗരപരിധിയിൽ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും സിറ്റി മേഖലയിൽ 12 കേസുകളുണ്ട്. റൂറൽ മേഖലയിൽ ഇത് 60 കേസുകളുണ്ട്. കോടതി വഴിയാവും ഇവർക്കെതിരെയുള്ള തുടർ നിയമനടപടി.

മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ സിറ്റി പൊലീസ് പരിധിയിൽ ചാർജ് ചെയ്തത് 840 കേസുകൾ. ഇവരിൽ നിന്ന് പിഴ ഈടാക്കി. റൂറൽ പൊലീസ് പരിധിയിൽ 394 കേസുകളിൽ പിഴ ചുമത്തി.