കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പൂർണമായും തകർന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. മാരകമായ വൈറസ് വകഭേദത്തിന്റെ വരവ് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ നടപടികൾക്ക് മുതിരാതിരുന്നത് ഗുരുതരമായ പിഴവാണ്. മ്യൂട്ടേഷൻ സംഭവിച്ച വൈറസ് സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലുമുണ്ടാകുമെന്ന റിപ്പോർട്ട് വന്നപ്പോൾ തന്നെ സർക്കാർ നടപടിയെടുത്തിരുന്നെങ്കിൽ ഇത്ര ഗുരുതരമായ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പല സ്ഥലത്തും 25ൽ കൂടുതലായത് പ്രതിരോധം പാളിയതു കൊണ്ടാണെന്നും വെർച്വൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ ഇതുവരെ എത്ര പണം ചെലവഴിച്ചുവെന്ന് വ്യക്തമാക്കണം. ചികിത്സയിലുള്ളവർക്ക് ഒരു വൈറ്റമിൻ ഗുളിക പോലും നൽകാത്ത രാജ്യത്തെ ഏക സർക്കാർ കേരളത്തിലേതാണ്. ഉപദേശവും തള്ളലും കൊണ്ടു മാത്രം കൊവിഡിനെ പ്രതിരോധിക്കാനാവില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.
നാലു മണിക്കൂർ ആംബുലൻസിൽ കിടന്ന്, ചികിത്സ കിട്ടാതെ തൃശൂരിൽ വൃദ്ധ മരിച്ച സംഭവം സർക്കാരിന്റെ പിടിപ്പുകേടിന് ഉദാഹരണമാണ്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളും വെന്റിലേറ്ററും ഓക്സിജനുമില്ല. കേന്ദ്ര ഫണ്ട് ലഭിച്ച കോട്ടയം, ആലപ്പുഴ ഓക്സിജൻ പ്ലാന്റുകളുടെ പൈപ്പിംഗ് പണി ഉടൻ പൂർത്തിയാക്കണം.
ആർ.ടി.പി.സി.ആർ ടെസ്റ്റിന് കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ മൂന്നിരട്ടി പണം അധികം നൽകേണ്ടി വരുന്നത് സ്വകാര്യമേഖലയെ സഹായിക്കാനാണ്. ടെസ്റ്റിന്റെ നിരക്ക് 1700 രൂപയിൽ നിന്നു 500 രൂപയിലേക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാവണം.