കോഴിക്കോട്: പണമടച്ച് ദിവസങ്ങൾ കഴിഞ്ഞാലും നാട്ടിൻ പുറങ്ങളിലെ സ്വകാര്യ ആശുപത്രികൾക്ക് ലഭ്യമാകേണ്ട വാക്സിൻ നൽകുന്നില്ലെന്ന് ആരോപണം. 100 ഡോസ് വാക്സിൻ നൽകേണ്ടിടത്ത് 50 ഡോസോ അതിൽ താഴെയോ വാക്സിൻ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്. അതേസമയം സർക്കാരിന്റെ കൊവിൻ പോർട്ടലിൽ മിക്ക സ്വകാര്യ ആശുപത്രികളിലും നൽകാവുന്നതിൽ പരമാവധിയായ 100 ഡോസ് വാക്സിൻ എത്തിയെന്നാണ് കാണിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യത ഉറപ്പുള്ളതിനാൽ ഓൺലെെനായി രജിസ്റ്റർ ചെയ്യുന്നവർ വാക്സിൻ എടുക്കാൻ എത്തിയാൽ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്. വാക്സിൻ കിട്ടാത്തതിന്റെ പ്രതിഷേധം ആശുപത്രിക്കാർ നേരിടേണ്ടിയും വരുന്നു. ആശുപത്രികൾ ലഭ്യമാകേണ്ട വാക്സിൻ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും വിതരണ ഉദ്യോഗസ്ഥർ കൃത്രിമം കാണിക്കുന്നതായാണ് ആരോപണം.
നഗരങ്ങളിലെ വലിയ സ്വകാര്യ ആശുപത്രികളിലും അവസ്ഥ ഇതുതന്നെയാണ്. സ്വകാര്യ ആശുപത്രികൾ പണം അടച്ചതിന്റെ അടിസ്ഥാനത്തിൽ ഡോസുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നത് ആർ.സി.എച്ച് ഉദ്യോഗസ്ഥരാണ്. ഇവർ മനപ്പൂർവം വാക്സിൻ തരാതിരിക്കുകയാണെന്നും ഇഷ്ടക്കാരുടെ ആശുപത്രികൾക്ക് വാക്സിൻ കൃത്യമായി നൽകുന്നുണ്ടെന്നുമാണ് ഉരയുന്ന ആരോപണം.
സഹകരണ ആശുപത്രികൾക്ക് ഇഷ്ടംപോലെ വാക്സിൻ നൽകുന്ന സർക്കാർ സ്വകാര്യ ആശുപത്രികളെ അവഗണിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ഒരു ഡോസ് വാക്സിന് 150 രൂപ നിരക്കിലാണ് പ്രൈവറ്റ് ആശുപത്രികൾ നൽകേണ്ടത്. എന്നാൽ വാക്സിൻ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി അഞ്ഞൂറ് രൂപയിൽ കൂടുതൽ ചെലവാകുന്നതായും ആശുപത്രി അധികൃതർ പറയുന്നു.