mac
പാലക്കാട് ഡിവിഷന് പുതുതായി ലഭിച്ച ഡൈനാമിക് ടാമ്പിംഗ് എക്‌സ്‌പ്രസ് കം സ്റ്റെബിലൈസിംഗ് മെഷീൻ

കോഴിക്കോട്: കുറ്റമറ്റ നിലയിൽ റെയിൽ ട്രാക്ക് പരിപാലനം ഉറപ്പാക്കാൻ പാലക്കാട് റെയിൽവേ ഡിവിഷന് നൂതനശ്രേണിയിലുള്ള സംവിധാനമായി. അത്യാധുനിക ഡൈനാമിക് ടാമ്പിംഗ് എക്‌സ്‌പ്രസ് കം സ്റ്റെബിലൈസിംഗ് മെഷീൻ ഒട്ടും വൈകാതെ പ്രവർത്തനസജ്ജമാകും. ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നിന്ന് അന്തിമാനുമതി ലഭിക്കുകയേ വേണ്ടൂ.

ട്രാക്കിനിടിയിൽ കരിങ്കൽ കഷ്ണങ്ങൾ കൃത്യമായ അളവിൽ തിക്കിനിറക്കുകയാണ് ടാമ്പിംഗ് മെഷീനിന്റെ പ്രവൃത്തി. ഇങ്ങനെ കരിങ്കൽ കഷ്ണങ്ങൾ നിറച്ച ശേഷം പാളം തീർത്തും ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തുന്നത് സ്റ്റെബിലൈസിംഗ് മെഷീനാണ്. ട്രാക്ക് കുറ്റമറ്റ നിലയിലാവുമ്പോഴേ എത്ര വേഗതയിലും ട്രെയിൻ ഓടിക്കാനാവൂ.

പാലക്കാട് ഡിവിഷന്റെ ഭാഗമാകുന്ന പത്താമത്തെ ട്രാക്ക് ടാമ്പിംഗ്, സ്റ്റെബിലൈസേഷൻ മെഷീനാണിത്. പൂർണമായും കമ്പ്യൂട്ടർവത്കൃത നിയന്ത്രണമാണെന്ന സവിശേഷതയുണ്ട്.

ഡൈനാമിക് ടാമ്പിംഗ് എക്‌സ്‌പ്രസിന്റെ വരവിനു മുമ്പ് ട്രാക്ക് ജോലിക്കാരാണ് ബിറ്റർ പിക്ക് ആക്സ് ഉപയോഗിച്ച് പാളത്തിനിടിയിൽ കരിങ്കൽ കഷ്ണങ്ങൾ നിറച്ചിരുന്നത്. യന്ത്രസംവിധാനം വന്നതോടെ പ്രവൃത്തിയ്ക്ക് വേഗമെന്ന പോലെ കാര്യക്ഷമതയും കൂടി. അത്യാധുനിക സജ്ജീകരണങ്ങളുമായുള്ളതാണ് പുതിയ ടാമ്പിംഗ് എക്സ്‌പ്രസ്.

ടാമ്പിംഗ്, സ്റ്റെബിലൈസിംഗ്, ലെവലിംഗ്, ലൈനിംഗ് ആൻഡ് റെക്കോർഡിംഗ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒട്ടും പിഴവിനിടയാക്കാത്ത വിധം നൂതന മെഷീൻ നിർവഹിച്ചിരിക്കും.

സാധാരണ നിലയിൽ ടാമ്പിംഗ്, സ്റ്റെബിലൈസേഷൻ പ്രവൃത്തികൾക്കായി രണ്ടു പ്രത്യേക മെഷീനുകളാണ് ഉപയോഗിക്കാറുള്ളത്. ഡൈനാമിക് ടാമ്പിംഗ് എക്‌സ്‌പ്രസ് കം സ്റ്റെബിലൈസിംഗ് മെഷീൻ രണ്ടു ജോലികളും ഒരുമിച്ചു ചെയ്യുന്നുവെന്നതാണ് പ്രത്യേകത. സാധാരണ മെഷീനുകൾ മണിക്കൂറിൽ 1. 2 കിലോമീറ്റർ ടാമ്പിംഗ്, സ്റ്റെബിലൈസേഷൻ പ്രവൃത്തി പൂർത്തീകരിക്കുമ്പോൾ നൂതന മെഷീൻ വഴി 1.5 കിലോമീറ്റർ മുതൽ 1.7കിലോമീറ്റർ വരെ ട്രാക്ക് ജോലി പൂർത്തീകരിക്കാനാവും. ട്രാക്കിന്റെ ഘടനയും അളവും കൃത്യമായി എടുക്കാനാവുന്ന ആധുനികോപാധിയുമുണ്ട് ഇതിൽ.
കൊവിഡ് ലോക്ക് ഡൗണിന്റെ കാലത്ത് ട്രെയിൻ ഗതാഗതം ഗുഡ്സ് വണ്ടികളിൽ ഒതുങ്ങിയപ്പോൾ പാളങ്ങളുടെ പരിപാലന പ്രവൃത്തി ലക്ഷ്യമിട്ട നിലയിൽ പൂർത്തീകരിക്കാൻ പാലക്കാട് ഡിവിഷന് കഴിഞ്ഞിരുന്നു. 79. 197 കിലോ മീറ്റർ ദൈർഘ്യത്തിൽ പാളങ്ങൾ പൂർണമായും മാറ്റി. 52. 622 കിലോ മീറ്ററിൽ സ്ലീപ്പറുകളും മാറ്റി. ഫിറ്റിംഗ്സ് മാറ്റമുൾപ്പെടെ

മറ്റു പ്രവൃത്തികൾ ഏറ്റെടുത്തത് 75. 711 കിലോ മീറ്റർ ദൈർഘ്യത്തിലാണ്.