കോഴിക്കോട്: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 44 വയസുകാരനെ ആസ്റ്റർ മിംസ് ആശുപത്രിയിൽ എക്‌മോ ഉപയോഗിച്ച് രക്ഷിച്ചു. ന്യുമോണിയ പിടിപെട്ട് അതീവ ഗുരുതരാവസ്ഥയിലാണ് കണ്ണൂർ സ്വദേശിയായ സന്തോഷ് ആശുപത്രിയിൽ എത്തിയത്. വെന്റിലേറ്റർ നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ സമ്മത പ്രകാരമാണ് എക്‌മോയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെ കൃത്രിമമായ മാർഗത്തിലേക്ക് മാറ്റിയ ശേഷം ന്യുമോണിയ ചെറുക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. 21 ദിവസം നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവിലാണ് സന്തോഷിന്റെ ജീവൻ രക്ഷിക്കാനായത്. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം തലവൻ ഡോ. ബി. എസ് മഹേഷ് , ഡോ. അനിൽ ജോസ് , എച്ച് ഗിരീഷ് എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.