വടകര: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ അടിച്ചോടിക്കാൻ മാത്രമല്ല, അച്ചടക്കം പാലിക്കുന്നവരെ അംഗീകരിക്കാനും പൊലീസ് മറക്കില്ലെന്ന് തെളിയിക്കുന്നതായി നവദമ്പതികൾക്കുള്ള റൂറൽ എസ്.പി യുടെ അനുമോദനപത്രം.
കഴിഞ്ഞ ദിവസം വിവാഹിതരായ വടകര വൈക്കിലശ്ശേരി റോഡിലെ പരേതരായ കപ്പള്ളിക്കണ്ടിയിൽ വാസുവിന്റെയും ശോഭയുടെയും മകൾ കാവ്യയ്ക്കും നടക്കുതാഴ പരേതനായ ഉമേഷിന്റെയും പ്രമീളയുടെയും മകൻ ലിന്റോ മഹേഷിനും റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസ് വധൂഗൃഹത്തിൽ എത്തി ആശംസയർപ്പിച്ച ശേഷം അനുമോദനപത്രം കൈമാറുകയായിരുന്നു. കൊവിഡ് പ്രതിരോധം കടുപ്പിച്ചതിന്റെ ഭാഗമായുള്ള നിബന്ധനകൾ തീർത്തും പാലിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റൂറൽ എസ്.പി യുടെ സന്ദർശനവും അനുമോദനവും. മറ്റുള്ളവർക്ക് പ്രചോദനം കൂടിയാവട്ടെ എന്ന ലക്ഷ്യവുമുണ്ട്. എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ രഹസ്യനിരീക്ഷണത്തിലായിരിക്കും കല്ല്യാണച്ചടങ്ങുകൾ. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നവരെ അനുമോദിക്കും.റൂറൽ എസ്.പി യുടെ കൈയ്യൊപ്പോടെയുള്ള അനുമോദനപത്രം നവദമ്പതികൾക്ക് കൈമാറുന്ന പദ്ധതിയ്ക്കാണ് തുടക്കമിട്ടിട്ടുള്ളത്.
കൊ വിഡ് - 19 ജില്ലാ നോഡൽ ഓഫീസർ കൂടിയായ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ്, എസ്.ഐ ദിവാകരൻ, എ.എസ്. ഐ ഷാജി, എസ്.സി.പി.ഒ സുനിൽകുമാർ എന്നിവരും അനുമോദന ചടങ്ങിൽ സംബന്ധിച്ചു.