കോഴിക്കോട്: തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് രണ്ടാം ഡോസ് കൊവിഡ് വാക്സിനേഷൻ സ്വീകരിക്കാം. ഇന്ന് രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ ഇതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

കോർപ്പറേഷൻ പരിധിയിൽ ടാഗോർ സെന്റിനറി ഹാളിൽ 500 പേർക്കും താമരശ്ശേരി താലൂക്ക് ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ 250 പേർക്ക് വീതവും വാക്‌സിൻ

നൽകുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർ ഡ്യൂട്ടി പോസ്റ്റിംഗ് ഓർഡർ, ആധാർ കാർഡ് എന്നിവയുമായി അവരവരുടെ പ്രദേശത്തിന് സമീപത്തെ കേന്ദ്രങ്ങളിൽ എത്തി നിർബന്ധമായും കൊവിഡ് വാക്സിൻ സ്വീകരിക്കണം.

സമ്പർക്കമുള്ളവർക്ക്

ക്വാറന്റൈൻ നിർബന്ധം

കൊവിഡ് കേസുകൾ ജില്ലയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും ഉടൻ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവർ പരിശോധനഫലം ലഭ്യമാകുന്നതുവരെ വീടുകളിൽ തന്നെ കഴിയണം. മറ്റുള്ളവരുമായി യാതൊരുവിധ സമ്പർക്കത്തിലും ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.