മുക്കം: കൊവിഡ് മഹാമാരി മലയോര മേഖലയിൽ കൂടുതൽ പിടിമുറുക്കുകയാണ്. മുക്കം നഗരസഭാ പരിധിയിൽ ഇന്നലെ 65 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 34 പേരാണ് രോഗബാധിതരായത്. തിരുവമ്പാടിയിൽ ഇന്നലെ 57 പേർക്ക് രോഗബാധ കണ്ടെത്തി. കാരശ്ശേരിയിൽ 47 പേർക്ക് പോസിറ്റീവായി.
മലയോരത്തെ മറ്റു പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല. രോഗികളുമായി സമ്പർക്കത്തിനിടയായവർ കൂടി എത്തുന്ന സ്രവ പരിശോധന ക്യാമ്പ് തിരക്കിനിടയിൽ സി.എച്ച്.സി യിൽ നടത്തുന്നതിനെചൊല്ലി പരാതി ഉയർന്നതോടെ ഹിറ റസിഡൻഷ്യൽ സ്കൂളിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ ഇന്നലെ 190 പേരുടെ സ്രവ സാമ്പിൾ എടുത്തതിൽ 63 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 14 പേർ മുക്കം നഗരസഭയ്ക്കു പുറത്തുള്ളവരാണ്. ഇതിനു പുറമെ സ്വകാര്യ ലാബുകളിൽ പരിശോധന നടത്തിയ 16 പേരുടെ ഫലം കൂടി ചേർന്നപ്പോളാണ് രോഗബാധിതരുടെ സംഖ്യ 65 ൽ എത്തിയത്.
തിരുവമ്പാടിയിൽ ഇന്നലെ നടത്തിയ പരിശോധനാ ക്യാമ്പിൽ 125 പേരെ പരിശോധിച്ചതിലാണ് 34 പേർക്ക് രോഗബാധ കണ്ടെത്തിയത്. മറ്റു കേന്ദ്രങ്ങളിലെ പരിശോധനാഫലം കൂടി ചേർത്താണ് 57പോസിറ്റീവ് കേസുകൾ. പ്രതിദിനം 200 പേർക്ക് പ്രതിരോധ വാക്സിൻ നൽകാൻ ലക്ഷ്യമിട്ട മുക്കം സി.എച്ച്.സി യിൽ ഇന്നലെ കുത്തിവയ്പെടുത്തത് 50 പേർക്ക് മാത്രം. വാക്സിൻ ക്ഷാമം തന്നെ കാരണം.