paddy

കോട്ടയം: സിവിൽ സപ്പൈസ് ഏജൻസി തിരിഞ്ഞുനിന്നു. കൊയ്ത് വരമ്പത്ത് ശേഖരിച്ചുകൂട്ടി പടുതകൊണ്ട് മൂടിയിട്ട നെല്ല് വേനൽ മഴയിൽ നനഞ്ഞ് കിളിർത്തുതുടങ്ങി. ഇനി എന്തുചെയ്യുമെന്ന ചിന്തയിലാണ് കർഷകർ. പനച്ചിക്കാട് പഞ്ചായത്തിലെ കിഴക്കുംപുറം വടക്കുംപുറം പാടശേഖരത്തിലെ വിളവെടുത്ത പുഞ്ചനെല്ലാണ് വരമ്പത്ത് കിളർത്തുതുടങ്ങിയത്.

സിവിൽ സപ്ളൈസ് ഏജൻസി അമിതമായ കിഴിവ് ആവശ്യപ്പെട്ടതിനെ തുടർന്ന് അത് നല്കാൻ സാധിക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഏജൻസി നെല്ല് സംഭരണത്തിൽ നിന്നും പിന്തിരിഞ്ഞത്. ക്വിന്റലിന് അഞ്ചു കിലോ കിഴിവാണ് ഏജൻസി ആവശ്യപ്പെട്ടത്. ഇത് കൊടുക്കാൻ സാധിക്കില്ലായെന്നാണ് കർഷകർ പറയുന്നത്. ഒരു കിലോ പോലും ഇതിന് മുൻപ് കിഴിവ് കൊടുക്കേണ്ടി വന്നിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.

തരിശുഭൂമി കൃഷിയിറക്കൽ പദ്ധതിയുടെ ഭാഗമായി 202 ഏക്കർ പാടശേഖരത്തിലാണ് കർഷകർ കൃഷിയിറക്കിയത്. കഴിഞ്ഞ നാലു വർഷമായി കർഷകരുടെ കൂട്ടായ്മയാണ് ഇവിടെ കൃഷിയിറക്കുന്നത്. ഇക്കുറി നല്ല വിളവാണെന്നും കിഴിവ് നല്കേണ്ട ആവശ്യമില്ലെന്നുമാണ് കർഷകരുടെ നിലപാട്. ഇതിനോടകം 20 ഏക്കറിലെ കൃഷിയാണ് കൊയ്തെടുത്തത്.

ബാക്കി പാടത്തെ നെല്ല് വിളഞ്ഞുകിടക്കുകയാണ്. ഈ ആഴ്ച തന്നെ ഇത് കൊയ്യേണ്ടതാണ്. ഇല്ലെങ്കിൽ വേനൽ മഴയിൽ ചാഞ്ഞ് ഇതും കിളിർത്തുതുടങ്ങും. ആദ്യം വിളവെടുത്തത് കയറ്റിപ്പോകാത്തതുമൂലം വരമ്പത്ത് ഇടാൻ സ്ഥലം ഇല്ല. ഇത് കർഷകരെ വിഷമത്തിലാക്കിയിട്ടുണ്ട്. കൊയ്തെടുത്താൽ എവിടെ മൂടകൂട്ടും എന്ന ചിന്തയിലാണ് കർഷകർ.

പ്രശ്നം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തര പരിഹാരം പ്രതീക്ഷിക്കുന്നതായും പാടശേഖര സമിതി കൺവീനർ അലക്സ് തോമസ് ചെറുവള്ളിൽ പറഞ്ഞു.