കോട്ടയം: ആൾക്കൂട്ടത്തിന്റെ നേതാവാണ് ഉമ്മൻചാണ്ടി. അതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളെല്ലാം തങ്ങളുടെ മണ്ഡലത്തിൽ ഉമ്മൻചാണ്ടിയെ എത്തിക്കാൻ മത്സരിക്കുന്നത്. ഇതുകാരണം സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ ഒരു ഓട്ട പ്രദക്ഷിണം മാത്രം നടത്തി പ്രചാരണ ചുമതല പ്രവർത്തകരെ ഏൽപ്പിച്ചിരിക്കുകയാണ് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്.
എല്ലാ മാദ്ധ്യമ സർവേകളും ഇടതു പക്ഷത്തിന് തുടർ ഭരണമെന്ന് ഉറപ്പു പറയുന്നു. ഇത് നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കില്ലേ?
ജനങ്ങളുടെ സർവേയിലാണ് എന്നും ഞങ്ങൾക്ക് വിശ്വാസം. എല്ലാ സർവേകളും പി.ആർ വർക്കിന്റെ ഭാഗമാണ്. സർക്കാരിനെതിരായ ജനവികാരം തിരിച്ചുവിടാനാണ് സർവേകൾ. പ്രതിപക്ഷനേതാവിനെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമം അതിന്റെ തെളിവല്ലേ. രമേശ് ഉയർത്തിയ ആരോപണങ്ങളെല്ലാം ശരിവച്ചാണ് സർക്കാർ അഴിമതി ഇടപാടുകളിൽ നിന്ന് പിന്നോട്ടുപോയത്. രമേശിന്റെ ആരോപണങ്ങളിൽ വിശ്വാസ്യത ഇല്ലെന്നു വരുത്താനുള്ള ബോധപൂർവ ശ്രമമാണ് നടന്നത്. എല്ലാ സർവേകളിലും പ്രതിപക്ഷനേതാവിന്റെ പോപ്പുലാരിറ്റി കുറയ്‌ക്കാനുള്ള സംഘടിതനീക്കമാണ് നടന്നത്. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ലെന്ന് വോട്ടെടുപ്പ് കഴിയുമ്പോൾ ഇടതുമുന്നണി നേതൃത്വം മനസിലാക്കും. യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും.
യു.ഡി.എഫ് വിജയസാദ്ധ്യതയുടെ ഘടകങ്ങൾ എന്താണ് ?
മികച്ച സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. കൂടുതൽ യുവാക്കൾ മത്സരിക്കുന്നതിനാൽ മിക്ക മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് ഇടതു മുന്നണി നേരിടുന്നത്. അഭിപ്രായവ്യത്യാസങ്ങളില്ല. ഘടകകക്ഷികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. രഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും പ്രചാരണത്തിനെത്തിയത് വലിയ മുന്നേറ്റമുണ്ടാക്കാനായി. ശബരിമല, ആഴക്കടൽ മത്സ്യബന്ധനം, പിന്നെ ഇടതു മന്ത്രിസഭക്കെതിരായ അഴിമതി പരമ്പര ഇതെല്ലാം വോട്ടർമാരിൽ യു.ഡി.എഫ് അനുകൂലമായ സാഹചര്യമുണ്ടാക്കി. വോട്ടെടുപ്പ് അടുക്കുന്നതോടെ ഇത് യു.ഡി.എഫ് തരംഗമായി മാറുമെന്നാണ് വിശ്വാസം.
ഭക്ഷ്യക്കിറ്റും സ്‌പെഷ്യൽ അരിയും ക്ഷേമ പെൻഷനും ഇടതു മുന്നണിക്ക് അനുകൂലമാകില്ലേ ?
ഒരിക്കലുമില്ല. സ്‌കൂൾ കുട്ടികൾക്കുള്ള അരി ആറ് മാസം തടഞ്ഞു വച്ച ശേഷം തിരഞ്ഞെടുപ്പടുത്തപ്പോൾ വിതരണം ചെയ്യുന്നത് വോട്ട് ലാക്കാക്കിയാണെന്ന് ആർക്കാണ് മനസിലാകാത്തത്. സൗജന്യ അരിവിതരണത്തിന് തുടക്കം കുറിച്ചത് യു.ഡി.എഫ് സർക്കാരാണ്. അഞ്ചു വർഷവും ബി.പി.എൽ കാർഡുടമകൾക്ക് കൃത്യമായി അരി നൽകി. ഇടതുസർക്കാർ വന്നപ്പോൾ ഇത് നിറുത്തലാക്കി. ക്ഷേമപെൻഷൻ കാര്യക്ഷമമായി നടപ്പാക്കിയതും യു.ഡി.എഫാണ്. യു.ഡി.എഫ് സർക്കാർ അഞ്ചു വിഭാഗമായി തിരിച്ച് 800 മുതൽ 1500 രൂപ വരെ ക്ഷേമ പെൻഷൻ നൽകി. 600 രൂപയായിരുന്നു നൽകിയതെന്നും കുടിശിക ഉണ്ടായിരുന്നുവെന്നുമുള്ള ഇടതു ആരോപണം ശരിയല്ല. അവസാന വർഷമാണ് ഇടതു സർക്കാർ പെൻഷൻ 1500 രൂപയാക്കിയത്.
കോൺഗ്രസ് - ബി.ജെ.പി ഡീൽ ആരോപണം ദോഷമാകില്ലേ?
യു.ഡി.എഫ് അധികാരത്തിലെത്താതിരിക്കാൻ സി.പി.എമ്മാണ് ബി.ജെ.പിയുമായി ഡീലുണ്ടാക്കിയിട്ടുള്ളത്. ഏഴ് മണ്ഡലങ്ങളിൽ ബി.ജെ.പിയെ ജയിപ്പിക്കാമെന്ന ഉറപ്പ് നൽകി തുടർഭരണത്തിന് അനുകൂലമായി മറ്റു പല മണ്ഡലങ്ങളിൽ ബി.ജെ.പി സഹായം ഇടതുമുന്നണി തേടിയെന്നത് പരസ്യമായ രഹസ്യമാണ്.
ശബരിമല ഈ തിരഞ്ഞെടുപ്പിലും ചർച്ചാവിഷയമാകുമോ?
ശബരിമല ആചാരാനുഷ്ഠാനങ്ങൾ നിലനിറുത്താൻ ശക്തമായ നിലപാട് സ്വീകരിച്ചത് യു.ഡി.എഫാണ്. സുപ്രീംകോടതി വിധി വന്നശേഷം എല്ലാവരുമായി കൂടിയാലോചിച്ച് എന്തുവേണമെന്ന് അപ്പോൾ തീരുമാനിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി സ്ത്രീ പ്രവേശനത്തിന് അനുകൂലമായി ഇടതുസർക്കാർ നൽകിയ സത്യവാങ്മൂലം എന്തു കൊണ്ട് പിൻവലിക്കുന്നില്ലെന്ന ചോദ്യത്തിന് മുന്നിൽ തന്ത്രപൂർവം ഒഴിഞ്ഞുമാറുകയാണ്. ബി.ജെ.പി നേതാക്കൾക്കും ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് നയമാണ്.