ചിറക്കടവ്: മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയിൽ പൊൻകുന്നം മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗത്തെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് എ.ഐ.വൈ.എഫ്.മേഖല കമ്മിറ്റി ആരോപിച്ചു. പഴയിടം ഭാഗത്ത് പല സ്ഥലങ്ങളിലും ടാറിംഗ് കഴിഞ്ഞ ഭാഗങ്ങളിൽ വിള്ളലുണ്ടാവുകയും അരിക് കഴിഞ്ഞ ദിവസത്തെ മഴയിൽ ഒലിച്ച് പോകുകയും ചെയ്തു. ചിറക്കടവ് അമ്പലത്തിന് സമീപം ആവശ്യത്തിൽ കൂടുതൽ ഉയരത്തിൽ കലുങ്കുകൾ നിർമ്മിച്ച് റോഡ് ഉയർത്താനാണ് ശ്രമിക്കുന്നത്. നിരപ്പായ സ്ഥലത്തിന് പകരം കയറ്റവും ഇറക്കവുമായി. തിരക്കുള്ള കവലയായ തെക്കേത്തു കവലയിൽ വീതി കുറച്ചതിനൊപ്പം കൊടുംവളവും രൂപപ്പെട്ടു. പടനിലം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം സംരക്ഷണഭിത്തിയേക്കാൾ ഉയർത്തിയാണ് റോഡ് പണി തീർന്നിരിക്കുന്നത്. കരാറുകാരുടേയും കെ.എസ്.ടി.പിയുടേയും അനാസ്ഥക്കെതിരെ പരാതി നൽകിയിട്ടുണ്ട്. എ.ഐ.വൈ.എഫ് ചിറക്കടവ് മേഖല പ്രസിഡന്റ് ഷാരൂഖ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ ആർ.നായർ, മണ്ഡലം പ്രസിഡന്റ് പി.പ്രജിത്ത്, സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗം പി.എസ്.സിനീഷ് എന്നിവർ പ്രസംഗിച്ചു.