drinking-water

ചങ്ങനാശേരി: വേനൽ മഴ ഇടയ്ക്കിടക്ക് പെയ്യുന്നുണ്ടെങ്കിലും ചങ്ങനാശേരിയുടെ കിഴക്കൻ മേഖലകളിൽ ജലക്ഷാമം രൂക്ഷം. ചങ്ങനാശേരി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ രണ്ട് മഴ ലഭിച്ചെങ്കിലും കിണറുകളിൽ വെള്ളം എത്തിയിട്ടില്ല. വേനൽചൂടിൽ കിണറുകളിലെ വെള്ളം വറ്റുകയാണെന്നാണ് ജനങ്ങൾ പറയുന്നത്. ഇതോടെ കുടിവെള്ള വിതരണക്കാർക്ക് ചാകരയായി.

പെട്ടിഓട്ടോകളിൽ ഒന്നും രണ്ടും പ്ലാസ്റ്റിക് ടാങ്കുകൾ കയറ്റിവച്ചാണ് ചില പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. 1500 ലിറ്റർ വെള്ളത്തിന് 400 രൂപ മുതൽ 500 രൂപ വരെയാണ് വാങ്ങുന്നത്. 407 ലോറികളിലും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ആവശ്യക്കാർ ഏറെയുള്ളതിനാൽ പറയുന്ന പണം കൊടുത്ത് വാങ്ങുകയേ സാധാരണക്കാർക്ക് നിവൃത്തിയുള്ളു.

യാതൊരു പരിശോധനയും ഇല്ലാത്ത വെള്ളമാണ് കുടിവെള്ളമെന്ന പേരിൽ വീടുകളിൽ എത്തിക്കുന്നതെന്ന പരാതി വ്യാപകമാണ്. പാറക്കുളങ്ങളിൽ നിന്നും തോടുകളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് നിറയ്ക്കുന്ന വെള്ളമാണ് ഇപ്രകാരം വിതരണം ചെയ്യുന്നതെന്ന് പറയപ്പെടുന്നു.

സ്വന്തമായി വാഹനവും വാട്ടർ ടാങ്കുമുള്ളവരെല്ലാം കുടിവെള്ള വിതരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഓരോ ദിവസവും പതിനായിരക്കണക്കിന് രൂപയുടെ വെള്ളമാണ് ഇത്തരത്തിൽ വീടുകളിൽ എത്തുന്നത്. ശുദ്ധജലമാണെന്ന് സർട്ടിഫൈ ചെയ്ത വെള്ളമേ കുടിവെള്ലം എന്ന പേരിൽ കൊടുക്കാവു എന്ന് നിയമമുള്ളപ്പോഴാണ് ഏജൻസികൾ യാതൊരു സർട്ടിഫിക്കറ്റും ഇല്ലാതെ ജലം വില്ക്കുന്നത്.

ആവശ്യക്കാർ ഏറെയുള്ളതിനാൽ വെള്ളം എത്രമാത്രം ശുദ്ധമാണെന്ന് പോലും ആരും തിരക്കാറുമില്ല. കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ, മണിമല, തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം നവംബർ-ഡിസംബർ മാസങ്ങളിൽ തന്നെ കുടിവെള്ള വിതരണം ആരംഭിച്ചിരുന്നു. ഓട്ടോറിക്ഷകൾ, പിക്കപ്പ് വാനുകൾ, മിനിലോറികൾ തുടങ്ങിയ വാഹനങ്ങളെല്ലാം കുടിവെള്ള വിതരണവുമായി നിരത്തുകളിലുണ്ട്.

ആരോഗ്യവകുപ്പിന്റെയും അതാത് പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കിൽ മാത്രമെ കുടിവെള്ള വിതരണം നടത്താൻ കഴിയു. കുടിവെള്ളം എടുക്കുന്ന കിണറ്റിലെയും കുളത്തിലെയും വെള്ളം ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷം മാത്രമെ അനുമതി നൽകു. കൂടാതെ പഞ്ചായത്തിന്റെയും അനുമതി വേണം. എന്നാൽ സമീപ പഞ്ചായത്തുകളിലൊന്നും കുടിവെള്ളം വിതരണം നടത്താൻ ഒരു ഏജൻസിയും അനുമതി തേടിയിട്ടില്ല. ആയിരങ്ങൾ കൊടുത്ത് വാങ്ങുന്ന വെള്ളം എവിടെ നിന്നാണ് ശേഖരിക്കുന്നതെന്നുപോലും ഗുണഭോക്താക്കൾ അറിയുന്നില്ല.

മണിമല ഭാഗത്ത് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന പാറക്കുളങ്ങളിൽ നിന്നാണ് വെള്ളം ശേഖരിച്ച് കുടിവെള്ളമാണെന്ന വ്യാജേന വിതരണം ചെയ്യുന്നതെന്ന് പറയപ്പെടുന്നു. 1500 ലിറ്റർ വെള്ളം 850 രൂപയ്ക്കാണ് മണിമല, വെള്ളാവൂർ ഭാഗങ്ങളിൽ വിൽക്കുന്നത്. ചിലയിടങ്ങളിൽ ദൂരം കൂടുന്നതനുസരിച്ച് വണ്ടിക്കൂലിയും കൂടും. 2000 ലിറ്ററിന് 1000മുതൽ 1200 രൂപവരെയാണ് ഈടാക്കുന്നത്. മോട്ടോർ ഉപയോഗിച്ച് പമ്പുചെയ്യുന്നതിന് 50 മുതൽ 100 രൂപവരെ കൂടുതലായി ഈടാക്കുന്നവരുമുണ്ട്. ചുരുക്കത്തിൽ വേനലിന്റെ മറവിൽ ജനം ചൂഷണം ചെയ്യപ്പെടുകയാണ്.