kerala

കോട്ടയം: കോട്ടയം ജില്ല വിയർക്കുകയാണ്. മീനച്ചൂടിലല്ല, തിരഞ്ഞെടുപ്പ് ചൂടിൽ. ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലും മത്സരം കടുത്തുകഴിഞ്ഞു. എവിടെയും തീ പാറുന്ന പ്രചാരണം. പെസഹ, ദുഃഖവെള്ളി ദിനങ്ങൾ പ്രമാണിച്ച് മുന്നണികൾ തുറന്നജീപ്പിലുള്ള പ്രചാരണം നിറുത്തിയിരിക്കയാണ്. വീടുകൾ കയറിയിറങ്ങി ഒന്നുകൂടി വോട്ടുകൾ ഉറപ്പിക്കാനാണ് ഈ സമയം വിനിയോഗിക്കുന്നത്. മൂന്നു മുന്നണികളും ശനിയാഴ്ച തുറന്ന ജീപ്പിൽ ആറാം ഘട്ട പ്രചാരണം ആരംഭിക്കും. കേരള കോൺഗ്രസിന് ഏറെ വേരോട്ടമുള്ള കോട്ടയം ജില്ലയിൽ മിക്കപ്പോഴും വിജയിച്ചുകയറിയിരുന്നത് യു.ഡി.എഫ് ആയിരുന്നു. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിഞ്ഞതോടെ ഇക്കുറി എന്തു സംഭവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കുന്നത്. ഇക്കുറി സാധാരണ നടത്താറുള്ള പ്രവചനം ശരിയാവില്ല.

ജില്ലയിൽ മുൻ എം.എൽ.എ പി.സി. ജോർജ് മത്സരിക്കുന്ന പൂഞ്ഞാറിലും സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതികസുഭാഷ് മത്സരിക്കുന്ന ഏറ്റുമാനൂരിലും ഇക്കുറി നടക്കുന്നത് ചതുഷ്കോണ മത്സരമാണ്. ഈ രണ്ട് മണ്ഡലങ്ങളിലും തീ പാറുന്ന മത്സരമാണ് നടത്തുന്നതെന്നതിനേക്കാൾ തീ തുപ്പുന്ന മത്സരമാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞതവണ കേരള കോൺഗ്രസുകൾ തമ്മിൽ നേർക്കുനേരെ മത്സരിച്ചപ്പോൾ ഇരുമുന്നണികളിലും പെടാതെ സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജ് നിയമസഭയിലെത്തി. അതും 27,821 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. കേരള കോൺഗ്രസിലെ ജോർജുകുട്ടി ആഗസ്തിയും ജനാധിപത്യ കേരള കോൺഗ്രസിലെ പി.സി. ജോസഫും തമ്മിലായിരുന്നു മത്സരം. ഇതിനിടയിലൂടെയായിരുന്നു ജനപക്ഷത്തിന്റെ സ്വതന്ത്രൻ പി.സി. ജോർജ് വിജയിച്ചത്.

ഏറ്റുമാനൂരിൽ സി.പി.എം നേതാവ് വി.എൻ. വാസവനും കേരള കോൺഗ്രസിലെ അഡ്വ. പ്രിൻസ് ലൂക്കോസും തമ്മിലാണ് പ്രധാന അങ്കമെങ്കിലും സ്വതന്ത്രയായി മത്സരിക്കുന്ന ലതിക സുഭാഷ് സ്ത്രീകളുടെ വോട്ടിൽ വിജയിച്ചുകയറുമെന്നാണ് പറയുന്നത്. എന്നാൽ ലതിക പിടിക്കുന്ന വോട്ടുകൾ എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും ഏറ്റുമാനൂരിൽ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം. പ്രചാരണത്തിൽ ലതിക മുൻപന്തിയിലല്ലെങ്കിലും സ്ത്രീകളുടെ വോട്ടുകൾ കൂടുതലായി ലതിക പെട്ടിക്കുള്ളിലാക്കുമെന്നാണ് അറിയുന്നത്. തന്നെയുമല്ല, ഒരു വിഭാഗം കോൺഗ്രസുകാരുടെ വോട്ടുകളും ലതിക സ്വന്തമാക്കും. ഇങ്ങനെ സംഭവിച്ചാൽ ലതിക ഇവിടെ താരമാവും.

കടുത്തുരുത്തിയിൽ ദർശിക്കാൻ കഴിയുന്നത് ജീവന്മരണ പോരാട്ടമാണ്. കേരള കോൺഗ്രസ് -എമ്മിലെ സ്റ്റീഫൻ ജോർജും കേരള കോൺഗ്രസിലെ സിറ്റിംഗ് എം.എൽ.എ മോൻസ് ജോസഫും നേർക്കുനേർ കൊമ്പുകോർക്കുമ്പോൾ ഇക്കുറി കേരള കോൺഗ്രസ് കോട്ടയായ കടുത്തുരുത്തി ആര് പിടിക്കുമെന്നത് പ്രവചനാതീതമാണ്. സി.പി.എമ്മിന്റെ അകമ്പടിയോടെയാണ് സ്റ്റീഫൻ ജോർജ് പ്രചാരണം കൊഴുപ്പിക്കുന്നതെങ്കിൽ മോൻസ് ജോസഫ് ചിട്ടയായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ബി.ജെ.പി ക്ക് ഏറെ വേരോട്ടമുള്ള മണ്ഡലത്തിൽ ജില്ലാ സെക്രട്ടറി ജി.ലിജിൻ ലാൽ മെച്ചപ്പെട്ട പ്രചരണമാണ് നടത്തുന്നത്.

സി.എഫ്. തോമസിന്റെ പിൻഗാമി ആരായിരിക്കുമെന്നാണ് ചങ്ങനാശേരിക്കാർ ഉറ്റുനോക്കുന്നത്. കേരള കോൺഗ്രസിലെ ശണ്ഠയെ തുടർന്ന് പി.ജെ ജോസഫിനൊപ്പം നിലയുറപ്പിച്ച് സി.എഫിനൊപ്പം നിന്ന വി.ജെ. ലാലിയും കേരള കോൺഗ്രസിലെ ജോബ് മൈക്കിളും തമ്മിലാണ് ഇവിടെ പോര്. കൂടാതെ ബി.ജെ.പിയിലെത്തിയ കോൺഗ്രസുകാരനായിരുന്ന അഡ്വ. ജി. രാമൻ നായരും രംഗത്തുണ്ട്. മൂവരും ചങ്ങനാശേരി സ്വദേശികളാണ് എന്ന പ്രത്യേകതയുമുണ്ട്.

പാലായിൽ നടക്കുന്നതും ജീവൻമരണ പോരാട്ടമാണ്. ജോസ് കെ. മാണിയും മാണി സി. കാപ്പനും തമ്മിൽ. കെ.എം. മാണിയുടെ മരണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലായിരുന്ന മാണി സി. കാപ്പൻ ആണ് വിജയക്കൊടി പാറിച്ചത്. ഇക്കുറി കാപ്പൻ യു.ഡി.എഫ് മുന്നണിയിലായി. ജോസാവട്ടെ ഇടതു മുന്നണിയിലും. കഴിഞ്ഞദിവസം പാലാ നഗരസഭയിൽ നടന്ന കൈയ്യാങ്കളി ആർക്ക് ദോഷം ചെയ്യുമെന്നാണ് കണ്ടറിയേണ്ടത്. മുത്തോലി പഞ്ചായത്ത് സഹിതം കൈക്കലാക്കിയ ആവേശത്തിൽ ബി.ജെ.പിയുടെ പ്രമീളാ ദേവിയും മത്സര രംഗത്ത് സജീവമാണ്.

ഏറെ ശ്രദ്ധിക്കപ്പെടുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ആര് വിജയിക്കുമെന്നതും പ്രവചനാതീതമാണ്. സിറ്റിംഗ് എം.എൽ.എ ഡോ.ജയരാജും കോൺഗ്രസിലെ ജോസഫ് വാഴയ്ക്കനും തമ്മിലാണ് മത്സരമെങ്കിലും ബി.ജെ.പിക്ക് ഏറെ വേരോട്ടമുള്ള ഇവിടെ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും രംഗത്ത് സജീവമാണ്. എൻ.എസ്.എസിന്റെ നിലപാടും ഇവിടെ ജയപരാജയങ്ങൾ നിർണയിക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിഞ്ഞതോടെ ആരു വിജയിക്കുമെന്ന് പറയുക അസാദ്ധ്യം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്തിനെ മാത്രമേ യു.ഡി.എഫിന് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുള്ളു. കേരള കോൺഗ്രസിന് ഏറെ സ്വാധീനമുള്ള അയർക്കുന്നവും അകലക്കുന്നവും ഇക്കുറി ഇടതുപക്ഷത്തോടൊപ്പമാണ് എന്ന സവിശേഷതയുമുണ്ട്. ഇവിടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി. തോമസാണ് രംഗത്തുള്ളത്. ഏതായാലും പന്ത്രണ്ടാം തവണയും തങ്ങളുടെ നേതാവായ ഉമ്മൻ ചാണ്ടിയെ വിജയിപ്പിക്കുമെന്ന് പറയുമ്പോഴും രാഷ്ട്രീയ നിരീക്ഷകർ വളരെ സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്.

കോൺഗ്രസും സി.പി.എമ്മും തമ്മിൽ മത്സരിക്കുന്ന അക്ഷര നഗരിയായ കോട്ടയത്ത് പ്രചാരണം അന്ത്യഘട്ടത്തിലെത്തിയതോടെ നഗരം തിളച്ചുമറിഞ്ഞുകഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ തുറന്ന വാഹനത്തിലുള്ള പ്രചാരണം ശനിയാഴ്ച ആരംഭിക്കുമ്പോൾ സി.പി.എമ്മിലെ അഡ്വ.കെ. അനിൽ കുമാർ ബുധനാഴ്ചതന്നെ വാഹനത്തിലുള്ള പ്രചാരണം ആരംഭിച്ചിരുന്നു. ഇവിടെയും നേർക്കുനേർ ഉള്ള പ്രചാരണമാണ് നടക്കുക. ബി.ജെ.പിയിലെ മിനർവ മോഹനും ആവേശത്തോടെ പ്രചാരണ രംഗത്തുണ്ട്.

സംസ്ഥാനത്ത് വനിതകൾ തമ്മിൽ മത്സരിക്കുന്ന ഏക മണ്ഡലമായ വൈക്കത്ത് കോൺഗ്രസും സി.പി.ഐയും ഇഞ്ചോടിഞ്ച് മത്സരമാണ് നടത്തുന്നത്. പ്രചാരണത്തിൽ എപ്പോഴും മുൻപന്തിയിൽ എത്തുക ഇടതുമുന്നണിയാണ്. എന്നാൽ, ഇക്കുറി ഇവർ ഒപ്പത്തിനൊപ്പമാണ്. ഇവിടെ ആരെയാവും നിയമസഭയിലെത്തിക്കുകയെന്ന് ഇപ്പോൾ പ്രവചിക്കുക സാദ്ധ്യമല്ല. അത്രക്കും തീ പാറുന്ന മത്സരമാണ് ഇവിടെ കാണാൻ കഴിഞ്ഞത്. സി.പി.ഐയിലെ ആശയും മുൻ കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ. സോണയും തമ്മിലാണ് മത്സരമെങ്കിലും ബി.ഡി.ജെ.എസിലെ അനിതാ സാബുവും മണ്ഡലത്തിൽ നിറഞ്ഞുനില്ക്കുകയാണ്.

ബൂത്തിലെത്താൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ മുന്നണികൾ അവസാനഘട്ട പോരാട്ടത്തിലാണ്. ഇവിടെ ആരൊക്കെ ജയിക്കും, വൻമരങ്ങൾ കടപുഴകുമോ എന്നാണ് ഇനി കാണേണ്ടത്.