കോട്ടയം: കലാശക്കൊട്ടിലേയ്ക്ക് അടുക്കുമ്പോൾ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രയോഗിക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. അവസാന ലാപ്പിൽ പിന്നാക്കം പോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ മെനയുന്നത്.
മണ്ഡലങ്ങളിലുടനീളം യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ഉച്ചഭാഷിണികൾ ഘടിപ്പിച്ച വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. എന്നാൽ, അണിയറയിൽ അടിയൊഴുക്കുകൾ സജീവമാണ്. നേതാക്കളും പ്രവർത്തകരും തന്ത്രങ്ങൾ മെനയുന്നു. പരമാവധി വോട്ടർമാരെ വരുതിയിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ദുഖവെള്ളി പ്രമാണിച്ച് മൂന്ന് മുന്നണികളും ഇന്ന് പരസ്യപര്യടനം നടത്തില്ല. മൈക്ക് അനൗൺസ്മെന്റും ഉണ്ടാവില്ല. തുറന്ന വാഹന പര്യടനം അവസാനിപ്പിച്ച് വീണ്ടും കുടുംബയോഗങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.
ചിഹ്നത്തിലാണ് യാത്ര
ചിഹ്നത്തിൽ കയറി യാത്ര ചെയ്ത് വോട്ടർമാരുടെ മനസിൽ കയറിക്കൂടാനുള്ള ശ്രമങ്ങളാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളും ഏറ്റുമാനൂരിലെ സ്വതന്ത്ര ലതികാ സുഭാഷും നടത്തുന്നത്. രണ്ടില ജോസിനൊപ്പം പോയതോടെ പുതിയ ചിഹ്നമായ ട്രാക്ടർ ആളുകളെ പരിചയപ്പെടുത്തേണ്ടതുണ്ട്. ഇതുവരെ രണ്ടിലയ്ക്ക് കുത്തി ശീലിച്ചവർ പെട്ടെന്ന് ട്രാക്ടറിൽ വോട്ട് ചെയ്യണമെന്നില്ല. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ചിഹ്നം ട്രാക്ടറാണെന്ന് മനസിലുറപ്പിക്കാൻ ജോസ് , ജോസഫ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടുന്ന ചങ്ങനാശേരി, കടുത്തുരുത്തി മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളായ വി.ജെ.ലാലിയുടേയും മോൻസ് ജോസഫിന്റെയും ശ്രമം. ഇരുവരും ട്രാക്ടറിൽ കയറിയാണ് മണ്ഡല പര്യടനം നടത്തുന്നത്. പാലായിൽ മാണി സി. കാപ്പന്റെ ചിഹ്നവും ട്രാക്ടറാണ്. പാലായിലൂടെ ട്രാക്ടറുകളോടുന്നുണ്ട്. ഏറ്റുമാനൂരിൽ ലതികയുടെ യാത്ര ഓട്ടോറിക്ഷയിലാണ്. യാത്രയ്ക്ക് ചെലവ് കുറവായതിനാൽ സാമ്പത്തിക മെച്ചവുമുണ്ട്.
അവലോകനം
പകൽ കോർണർ യോഗങ്ങളും വൈകിട്ട് തിരഞ്ഞെടുപ്പ് അവലോകനങ്ങളുമാണ് നടക്കുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മിറ്റികളും എൻ.ഡി.എ കോർ കമ്മിറ്റിയും ദിവസവും ചേർന്ന് പ്രചാരണങ്ങൾ അവലോകനം ചെയ്യുന്നുണ്ട്. ഏതൊക്കെ മേഖലയിൽ ജനാവലിയുണ്ടായി, എവിടെയൊക്കെ പ്രവർത്തകർ കൂടുതൽ സഹകരിച്ചു, എതിരാളികളുടെ ക്യാമ്പയിന്റെ ജനപിന്തുണ തുടങ്ങി മുഴുവൻ കാര്യങ്ങളും ഇഴകീറി പരിശോധിച്ചാണ് യോഗം. നേതാക്കൾ യോഗം ചേർന്നും പ്രവർത്തനം വിലയിരുത്തുന്നുണ്ട്. പോരായ്മകൾ പരിഹരിച്ചു മുന്നേറാനുള്ള നീക്കമാണ് മുന്നണികൾ നടത്തുന്നത്. പ്രചാരണം തീരും മുൻപ് പരമാവധി വോട്ടർമാരെ നേരിൽ കാണണമെന്നാണ് പ്രവർത്തകർക്ക് നേതാക്കൾ നൽകിയിരിക്കുന്ന നിർദേശം.
പാലായിൽ പ്രത്യേക ഫോക്കസ്
കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിലുണ്ടായ തമ്മിൽ തല്ല് ഒരുതരത്തിലും ബാധിക്കരുതെന്ന കർശന നിർദേശം ഇടുതുമുന്നണി നൽകിയിട്ടുണ്ട്. പ്രശ്നമില്ലെന്ന് ബോദ്ധ്യപ്പെടുത്താൻ സി.പി.എം-കേരളാ കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് വീടുകയറി ജോസ് കെ. മാണിക്കായി വോട്ടു ചോദിക്കുകയാണ്.