കോട്ടയം : വിധി നിർണയത്തിലേയ്ക്കടുത്തു. ഇനിയുള്ള ഓരോ മണിക്കൂറും നിർണായകം. കാര്യങ്ങളൊന്നും കൈവിടാതെ പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് മുന്നണികൾ. ജോയ്സ് ജോർജിന്റെ അനുഭവമുള്ളതിനാൽ പണി എങ്ങനെയും കിട്ടുമെന്ന് പാർട്ടിക്കാർക്ക് ഉറപ്പുണ്ട്. അതുകൊണ്ട് ആറ്റിക്കുറുക്കിയ പറച്ചിലും ചിരിച്ചുകൊണ്ടുള്ള പെരുമാറ്റവും ഉറപ്പാക്കണമെന്ന് മുന്നണികൾ സ്ഥാർത്ഥികൾക്കും നേതാക്കൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. ദു:ഖവെള്ളി ദിവസം നിശബ്ദ പ്രചരാണമായിരുന്നു ജില്ലയിൽ. പരമാവധി വോട്ടർമാരെ നേരിൽക്കണ്ടു. കനത്ത ചൂടിൽ പകലന്തിയോളം വിയർത്തു കുളിച്ചാണ് വോട്ടുപിടിത്തം.
ഇടയ്ക്ക് പെയ്ത മഴയിൽ കേന്ദ്ര നേതാക്കളുടെ പരിപാടികൾ റദ്ദ് ചെയ്യേണ്ടിയും വന്നപ്പോഴുള്ള ക്ഷീണം വോട്ടർമാരെ നേരിൽക്കണ്ട് തീർക്കാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. അണികൾക്ക് ആവേശം പകരാൻ ദേശീയ, സംസ്ഥാന നേതാക്കളുടെ പ്രവാഹമാണ്. യു.ഡി.എഫിനായി രാഹുൽഗാന്ധി രണ്ട് തവണയാണ് ജില്ലയിൽ വന്നത്. മണ്ഡലങ്ങളിളക്കിയുള്ള റോഡ് ഷോ ഏറെ കരുത്തേകിയെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. തുടർഭരണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വരവ് ജില്ലയിലെ ഇടതുമുന്നണി പ്രവർത്തകരുടെയും സ്ഥാനാർത്ഥികളുടെയും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ അടക്കമുള്ള നേതാക്കളാണ് ഇടതുമുന്നണിക്കായി എത്തിയത്. എൻ.ഡി.എയ്ക്കായി ഒരു ഡസനോളം കേന്ദ്രമന്ത്രിമാർ ഇതിനോടകം ജില്ലയിലെത്തി. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവരും പ്രചാരണം നടത്തി.
വർണാഭമാക്കും
ദു:ഖവെള്ളി ദിവസം മുതൽ അനൗൺസ്‌മെന്റ് വാഹനത്തിലെ പര്യടനം സ്ഥാനാർത്ഥികൾ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വോട്ടർമാരെയും നേരിട്ട് കാണുകയാണ്. കൊട്ടിക്കലാശത്തിന് ആവേശം നിറയ്ക്കാൻ പരമാവധി ആളുകളെ പങ്കെടുപ്പിക്കും. വാദ്യമേളങ്ങളോടെ വർണാഭമാക്കാനാണ് തീരുമാനം.
എ.വി.റസൽ, സി.പി.എം ജില്ലാ സെക്രട്ടറി
കൊട്ടിക്കലാശം ഇന്ന്
എല്ലാ ബി.ജെ.പി സ്ഥാനാർത്ഥികളുടെയും കലാശക്കൊട്ട് ഇന്നാണ് നടത്തുന്നത്. ഈസ്റ്റർ മുതൽ നിശബ്ദ പ്രചാരണത്തിലേയ്ക്കാണ് കടക്കുക. പരമാവധി ആളുകളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ജില്ലയിലെ 4.75 ലക്ഷം കുടുംബങ്ങളെ അതത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ കാണും. നാലു റൗണ്ട് സമ്പർക്കമാണ് ലക്ഷ്യമിടുന്നത്. കലാശക്കൊട്ടിന് ശേഷമുള്ള സമയം വോട്ടർമാരെ നേരിൽക്കാണാൻ പ്രയോജനപ്പെടുത്തും. കാഞ്ഞിരപ്പള്ളി അടക്കമുള്ള മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചാണ് പ്രവർത്തനം.
(അഡ്വ.നോബിൾ മാത്യു, ബി.ജെ.പി ജില്ലാ പ്രസിഡന്റ്)
ആവേശം നിറയ്ക്കും
ദു:ഖ വെള്ളി മുതൽ പരസ്യ പ്രചരണം ഒഴിവാക്കി. ഞായറാഴ്ച നടക്കുന്ന കൊട്ടിക്കലാശത്തിൽ പരമാവധി ആവേശം നിറയ്ക്കും. പാലായിൽ പഞ്ചായത്ത് തലത്തിൽ മാത്രം കൊട്ടിക്കലാശം നടത്തി ബാക്കി തുക പാവങ്ങൾക്ക് വീട് വച്ചുനൽകുമെന്ന് മാണി സി.കാപ്പൻ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ഇടങ്ങളിലെല്ലാം മണ്ഡലാടിസ്ഥാനത്തിലാണ് കലാശക്കൊട്ട്
(സജി മഞ്ഞക്കടമ്പിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ)