കോട്ടയം: പ്രചാരണം അവസാന ഘട്ടത്തിൽ എത്തിയതിനൊപ്പം പാലായിൽ തുടരെ "ആരോപണ ബോംബു " പൊട്ടുന്നതിന്റെ നടുക്കത്തിലാണ് ഇടതു, വലതു സ്ഥാനാർത്ഥികൾ .
ജോസ് കെ. മാണിക്കെതിരെ വ്യാജ വീഡിയോ ആദ്യമിറങ്ങി. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. അതിനു പിറകേയാണ് ജോസ് കെ. മാണി കുലം കുത്തിയെന്നാരോപിച്ച് സേവ് സി.പി.എമ്മിന്റെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പാലാ നഗരസഭയിൽ സി.പി.എം - കേരളകോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ തമ്മിലുണ്ടായ കൈയാങ്കളി മാണി സി. കാപ്പനെ സഹായിക്കാൻ ബിനു പുളിക്കക്കണ്ടം നടത്തിയെന്നാണ് ജോസ് വിഭാഗം നേതാക്കൾ പറയുന്നത്. ബിനു എൻ.സി.പിയിലേക്ക് ചാടുന്നതിന്റെ മുന്നോടിയായി കാപ്പനു വേണ്ടി നടത്തുന്ന കളിയാണിതെന്ന് അവർ ആരോപിക്കുന്നു. കുലംകുത്തി പോസ്റ്ററും വന്നതോടെ ഇതിന് പിന്നിൽ യു.ഡി.എഫിന്റെ കരങ്ങളാണെന്ന സംശയം ബലപ്പെട്ടുവെന്നാണ് നേതാക്കൾ പറയുന്നത്.
മറച്ചുവച്ചുവെന്ന്
പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്ങ്മൂലത്തിൽ ബാങ്ക് വായ്പ, ജപ്തി നടപടി തുടങ്ങിയ വിവരങ്ങൾ മറച്ചുവെച്ചുവെന്ന് മുംബയിലെ മാദ്ധ്യമ പ്രവർത്തകൻ വിദുത് കുമാറും ബിസിനസുകാരൻ ദിനേശ് മേനോനും കോട്ടയം പ്രസ്ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കാപ്പന്റെ സ്വത്തു വിവരവും ചെക്ക് ഇടപാടുകളും അന്വേഷിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു . ഈ പത്രസമ്മേളനം കോട്ടയത്ത് പൂർത്തിയാകും മുമ്പായിരുന്നു പാലാ നഗരസഭാ കൗൺസിലിലെ കൈയാങ്കളി. ഇതറിഞ്ഞ ദൃശ്യ മാദ്ധ്യമ പ്രവർത്തകർ പാലായ്ക്ക് പാഞ്ഞു. ഇതോടെ കോട്ടയത്തെ പത്രസമ്മേളനം മുടങ്ങുകയായിരുന്നു.