poster

പാലാ: നഗരസഭയിൽ കൗൺസിലർമാർ ഏറ്റുമുട്ടിയതിന്റെ തുടർച്ചയായി സേവ് സി.പി.എമ്മിന്റെ പേരിൽ ജോസ് കെ. മാണിക്കെതിരെ പാലായിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ജോസ് എന്ന കുലംകുത്തിയെ തിരിച്ചറിയുക, ബൂത്തിൽ തിരിച്ചടി നൽകുക എന്നിങ്ങനെ കൈകൊണ്ടെഴുതിയ പോസ്റ്ററുകളാണ് ഇന്നലെ രാവിലെ ചെത്തിമറ്റം, മൂന്നാനി ഭാഗങ്ങളിൽ കണ്ടത്. തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എതിർചേരിയിലുള്ളവരാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് പ്രവർത്തകർ രാവിലെ തന്നെ പോസ്റ്ററുകൾ നീക്കി. പ്രദേശത്തെ സി.സി ടിവി കാമറകൾ തിരിച്ചുവച്ച ശേഷമാണ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്.

ബുധനാഴ്ച പാലാ നഗരസഭാ കൗൺസിൽ ഹാളിൽ സി.പി.എം കൗൺസിലർ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് എം കൗൺസിലർ ബൈജു കൊല്ലംപറമ്പിലും തമ്മിലടിച്ചിരുന്നു. പാലാ മഹാറാണി തിയേറ്ററിന്റെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച മറുപടി അപൂർണമാണെന്നും അടുത്ത കൗൺസിൽ യോഗത്തിൽ വിശദമായ മറുപടി വേണമെന്നും ബിനു ആവശ്യപ്പെട്ടു. ഇത് ചെയർമാൻ അംഗീകരിച്ചതോടെ അടുത്ത വിഷയം ബിനു കൗൺസിലിൽ ഉന്നയിച്ചു. ഒരംഗത്തെ അറിയിക്കാതെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുകയും പങ്കെടുക്കാത്ത അംഗം പരാതിപ്പെടുകയും ചെയ്താൽ നിയമസാധുത ഉണ്ടോയെന്ന് സെക്രട്ടറി വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം. ബിനുവിനെതിരെ ബൈജു തിരിഞ്ഞതോടെ അടിപിടിയിൽ കലാശിക്കുകയായിരുന്നു.

സംഘർഷം വ്യക്തിവിരോധത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് സി.പി.എം, കേരളാ കോൺഗ്രസ് നേതൃത്വങ്ങൾ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് താത്കാലിക പരിഹാരമായിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

പാലായിൽ ഒറ്റക്കെട്ട്: ജോസ്

പാലാ നിയോജക മണ്ഡലത്തിൽ ഇടതു മുന്നണി ഒറ്റക്കെട്ടാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി പറഞ്ഞു. രണ്ടു വ്യക്തികൾ തമ്മിലുണ്ടായ പ്രശ്‌നം സി.പി.എമ്മും കേരള കോൺഗ്രസും തമ്മിലുള്ളതാണെന്നു വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം പ്രചാരണം ചില കുബുദ്ധികൾ തെറ്റിദ്ധാരണ പരത്താൻ നടത്തുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷം ഇടത് മുന്നണി നടത്തിയ വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ പാലായിലെ ജനങ്ങൾ തള്ളിക്കളയും.