കോട്ടയം: കേരളം ലൗ ജിഹാദിന്റെ ഹബ്ബായി മാറിയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. ലൗ ജിഹാദ് വിഷയം സംസ്ഥാന സർക്കാർ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. യു.പി സർക്കാർ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. എൻ.ഡി.എ അധികാരത്തിൽ എത്തിയാൽ കേരളത്തിലും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ അഴിമതിയുടെ ഹെഡ് ക്വാർട്ടേഴ്‌സ് ആയി മാറിയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. എല്ലാ മേഖലകളിലും പരാജയപ്പെട്ട ഇടതുസർക്കാരിന് തുടരാൻ അവകാശമില്ല. കേന്ദ്രഭരണവും കേരളത്തിലെ ഭരണവും തമ്മിൽ വ്യത്യാസം വ്യക്തമാണ്. കേന്ദ്രപദ്ധതികളുടെ ഗുണം ജനങ്ങളിലെത്തിക്കാൻ സംസ്ഥാന സർക്കാരിനായിട്ടില്ല. വിവിധ വികസനപദ്ധതികൾക്കായി കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത് കോടിക്കണക്കിന് രൂപയാണ്. ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ മറവിൽ വലിയ അഴിമതിയാണ് പുറത്ത് വരുന്നത്. സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് വൃക്തമാകുന്നത്.