കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ ഭൂരിപക്ഷം മണ്ഡലങ്ങളിലും അടിയൊഴുക്കുകൾ സജീവമായി. ശക്തമായ ത്രികോണമത്സരം നടക്കുന്ന സ്ഥലങ്ങളിലെല്ലാം രൂപപ്പെട്ട അടിയൊഴുക്കുകൾ പ്രവചനം അസാദ്ധ്യമാക്കുകയാണ്. പ്രചാരണം ആരംഭിക്കുമ്പോൾ നാലിടത്ത് എൽ.ഡി.എഫും, രണ്ടിടത്ത് യു.ഡി.എഫും വിജയം ഉറപ്പിച്ച മട്ടായിരുന്നു. മറ്റു മൂന്ന് മണ്ഡലങ്ങളിൽ കടുത്തമത്സരവും. അവസാന ഘട്ടത്തിലെത്തുമ്പോൾ സിറ്റിംഗ് എം.എൽഎമാർ മത്സരിക്കുന്നിടത്ത് വരെ പോരാട്ടം കടുത്തു. രാഷ്ട്രീയത്തിനപ്പുറം സാമുദായികമായ അടിയൊഴുക്കുകൾ സജീവമായി.
വൈക്കത്ത് സി.കെ.ആശ, ഏറ്റുമാനൂരിൽ വി.എൻ.വാസവൻ , പാലായിൽ ജോസ് കെ മാണി , കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജ് എന്നിവർ വിജയിക്കുമെന്ന് എൽ.ഡി.എഫും, പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും ഈസി വാക്കോവർ ലഭിക്കുമെന്ന് യു.ഡി.എഫും പ്രചാരണ തുടക്കത്തിൽ അവകാശപ്പെട്ടിരുന്നു. രാഷ്ട്രീയവും മതപരവുമായ അടിയൊഴുക്കുകൾ സജീവമായാൽ ഇതിൽ ചില മണ്ഡലങ്ങളിൽ അട്ടിമറി സാദ്ധ്യത പോലും തള്ളിക്കളയാനാവില്ല. കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. മൂന്നിടത്തും തങ്ങൾ ജയിക്കുമെന്നാണ് ഇരുമുന്നണി നേതാക്കളുടെയും അവകാശവാദം. പൂഞ്ഞാറിൽ ഈ തിരഞ്ഞെടുപ്പിലും അട്ടിമറിജയം നേടുമെന്ന് പി.സി ജോർജും അവകാശപ്പെടുന്നു.
ഹിന്ദു വോട്ടുകൾ നിർണായകം
ഹിന്ദു വോട്ടുകളാണ് ജില്ലയിൽ ഭൂരിപക്ഷം അതിൽ ഏറെയും പിന്നാക്ക വോട്ടുകളും. ക്രൈസ്തവ വോട്ടുകൾ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് നിർണായകമായുള്ളത്. എന്നാൽ സഭയുടെ പിന്തുണ അവകാശപ്പെട്ട് നിരവധി സ്ഥാനാർത്ഥികളാണ് പ്രചാരണ രംഗത്തുള്ളത്. സമുദായ വോട്ടുകളുടെ ഏകീകരണം ഒരു വശത്തുണ്ടാകുന്നതിനൊപ്പം മറു വശത്തും ഏകീകരണം സംഭവിക്കുന്നു. ഇത് ജയപരാജയം നിർണയിക്കുന്ന ഘടകമാകും.
പൂഞ്ഞാറിൽ വർഗീയകാർഡ്
ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ പി.സി.ജോർജ് എസ്.ഡി.പി.ഐ വിരുദ്ധ നിലപാട് തുടക്കത്തിലേ സ്വീകരിച്ചിരുന്നു. മറ്റു സമുദായ വോട്ടുകളുടെ ധ്രുവീകരണത്തിന് ഇത് വഴിയൊരുക്കിയിരുന്നു. ഇത് മനസിലാക്കി മറ്റു സ്ഥാനാർത്ഥികളും വർഗീയ കാർഡിറക്കാൻ നിർബന്ധിതരായി. ഏറ്റുമാനൂരിലും വർഗീയ കാർഡിറക്കിയുള്ള കളിയ്ക്ക് ശ്രമം നടക്കുന്നു. ലതികാ സുഭാഷ് കൂടി സ്ഥാനാർത്ഥിയായി എത്തിയതോടെ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ഇവിടെയുമുണ്ടാകും.
പാലായിൽ വിവാദത്തിന് പഞ്ഞമില്ല
ഒന്നിന് പിറകേ ഉണ്ടാകുന്ന വിവാദങ്ങളാണ് പാലായിൽ ചർച്ചയാവുന്നത്. ആദ്യം ഇടതുസ്ഥാനാർത്ഥി ജോസ് കെ മാണിക്കെതിരെ വ്യാജ വീഡിയോ ഇറങ്ങി. പിന്നീട് പാലാ നഗരസഭയിലെ കേരള കോൺഗ്രസ് - സി.പി.എം അംഗങ്ങളുടെ കൈയാങ്കളി വിവാദം, തൊട്ടു പിന്നാലെ വ്യാജ പോസ്റ്റർ വിവാദം, കാപ്പന്റെ മകനെന്ന് പറഞ്ഞ് വീടുകയറിയുള്ള മദ്യപാനിയുടെ പ്രചാരണം, സത്യവാങ്‌മൂലത്തിൽ ബാങ്ക് വായ്പ, ജപ്തി നടപടികൾ കാപ്പൻ മറച്ചുവച്ചെന്ന പ്രചാരണം തുടങ്ങി വ്യാജ ബോംബുകൾ ഇരുഭാഗത്തും ഒന്നൊന്നായി പൊട്ടുന്നതിന് മുന്നിൽ പകച്ചു നിൽക്കുകയാണ് വോട്ടർമാർ.