അടിമാലി: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങൾക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദർശകർക്കായി തുറന്നു. ആദ്യ ദിവസംതന്നെ 1184 സന്ദർശകർ ഇരവികുളത്തെത്തി.മുമ്പുണ്ടായിരുന്ന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകരെ ഉദ്യാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.രാവിലെ 8 മുതൽ വൈകിട്ട് 4വരെയാണ് സന്ദർശകർക്കുള്ള പ്രവേശന സമയം.ഇതുവരെ പുതിയതായി പിറന്നഎൺപതോളം വരയാടിൻ കുഞ്ഞുങ്ങളെ ഉദ്യാനത്തിൽ കണ്ടെത്തിയിട്ടുണ്ട്.വരും ദിവസങ്ങളിൽ നടക്കുന്ന കണക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ പുതിയതായി പിറന്ന വരയാടിൻ കുഞ്ഞുങ്ങളുടെ കണക്ക് സംബന്ധിച്ച ക്യത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളു.പോയ വർഷം ഉദ്യാനത്തിൽ നൂറിന് മുകളിൽ കുഞ്ഞുങ്ങൾ പ്രജനന കാലത്ത് പിറന്നിരുന്നു. ഇക്കാലയളവിലും ഇതിനടുത്ത് വരയാടിൻ കുഞ്ഞുങ്ങളെ കണ്ടെത്താനാവുമെന്നാണ് കരുതുന്നത്. അടച്ചിടൽ കാലയളവിൽ പ്രവേശന കവാടത്തിന്റേതുൾപ്പെടെയുള്ള ചില മുഖം മിനുക്കൽ ജോലികളും പാർക്കിൽ നടത്തിയിട്ടുണ്ട്.ഉദ്യാനം കൂടുതൽ മനോഹരമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.പ്രകൃതിയുമായി ഇഴചേർന്ന് നിൽക്കുന്ന രീതിയിലുള്ള വിവിധ ജോലികളാണ് ഉദ്യാനത്തിൽ പൂർത്തീകരിച്ചിട്ടുള്ളത്.അടച്ചിടലിന് ശേഷം ഉദ്യാനം തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്നാറിലേക്കുള്ള സ്വദേശികളും വിദേശികളുമായുള്ള സഞ്ചാരികളുടെ സന്ദർശനത്തിൽ പ്രധാന ആകർഷണീയത എന്ന നിലയിൽ ഇരവികുളം ദേശീയോദ്യാനം വരും ദിനങ്ങളിൽ കൂടുതൽ സജീവമാകും.