theft
മോഷണം നടന്ന വെട്ടിക്കുഴക്കവല കുറുമണ്ണില്‍ കെ.വി. സാലുവിന്റെ വീടിന്റെ ഉള്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍.

വീട് കുത്തിത്തുറന്ന് 1.15 ലക്ഷവും
സ്വർണം, വെള്ളി ആഭരണങ്ങളും മോഷ്ടിച്ചു


കട്ടപ്പന: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് പണവും സ്വർണം, വെള്ളി ആഭരണങ്ങളും കവർന്നു. കട്ടപ്പന വെട്ടിക്കുഴക്കവല കുറുമണ്ണിൽ കെ.വി. സാലുവിന്റെ വീട്ടിൽ നിന്നാണ് 1.15 ലക്ഷം രൂപയും ആറേമുക്കാൽ പവൻ സ്വർണാഭരണങ്ങളും 107 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടിച്ചത്. ചികിത്സാ സംബന്ധമായ ആവശ്യത്തിനായി സാലുവും കുടുംബാംഗങ്ങളും ഞായറാഴ്ച കോട്ടയത്തേയ്ക്ക് പോയിരുന്നു. ബുധനാഴ്ച രാത്രി തിരികെ വീട്ടിലെത്തിയപ്പോൾ അടുക്കള വാതിലും ഉൾവശത്തെ മറ്റൊരു വാതിലും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. മുറിക്കുള്ളിലെ രണ്ട് അലമാരകളിലായാണ് പണവും സ്വർണം, വെള്ളി ആഭരണങ്ങളും സൂക്ഷിച്ചിരുന്നത്.
സാലുവിന്റെ പരാതിയിൽ കട്ടപ്പന പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. മുറിക്കുള്ളിൽ നിന്ന് മണം പിടിച്ച ജനി എന്ന പൊലീസ് നായ അരകിലോമീറ്ററോളം ദൂരം ഓടി. സമീപത്തെ വീടുകളുടെ മുറ്റത്തും നായ എത്തി. ആളില്ലെന്നു മനസിലാക്കിയാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അയൽപക്കത്തെ വീടുകളിലെ സി.സി. ടി.വി. ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരുന്നു.