sangeetha
കുടയത്തൂര്‍ പഞ്ചായത്തിലെ സ്വീകരണ യോഗത്തില്‍ സംഗീത വിശ്വനാഥന്‍ പ്രസംഗിക്കുന്നു.

കട്ടപ്പന: വോട്ടർമാരിലും പ്രവർത്തകരിലും ആവേശം നിറച്ച് എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ പര്യടനം നടത്തി.. പ്രധാന ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമെത്തി സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽക്കണ്ടു. നിയോജകമണ്ഡലത്തിലെ ഭൂപ്രശ്‌നങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ, പട്ടയ പ്രശ്‌നം തുടങ്ങി വിവിധ വിഷയങ്ങൾ വോട്ടർമാരെ സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അറക്കുളം പഞ്ചായത്തിലെ കുളമാവിൽ നിന്നാരംഭിച്ച പര്യടനം ആശുപത്രിപ്പടിയിലെ സ്വീകരണത്തിന് ശേഷം കുടയത്തൂർ പഞ്ചായത്തിലെത്തി. തുടർന്ന് ഏഴാംമൈൽ അമ്പലംകുന്നിൽ നിന്നാരംഭിച്ച ഇരുചക്ര വാഹന റാലിയിൽ സ്ഥാനാർത്ഥിയോടൊപ്പം നിരവധി ബി.ജെ.പി, എൻ.ഡി.എ. പ്രവർത്തകരും അണിനിരന്നു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കോളപ്രയിൽ സമാപിച്ചു. അടൂർമല സെന്റ് പോൾസ് പള്ളിയിലെത്തി വൈദികരെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. തകർന്നുകിടക്കുന്ന ചക്കിക്കാവ്ഇലവീഴാപ്പൂഞ്ചിറ റോഡ് സ്ഥാനാർത്ഥി സന്ദർശിച്ചു. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയാണിത്. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ ജനപ്രതിനിധികൾക്ക് കഴിയാത്തത് പ്രതിഷേധാർഹമാണ്. ജില്ലയിലെ വികസന പ്രവർത്തനങ്ങളോട് മുഖംതിരിക്കുന്ന സമീപനമാണ് ഇടത് വലത് സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്നും സംഗീത വിശ്വനാഥൻ കുറ്റപ്പെടുത്തി.
കുടയത്തൂർ, തെങ്ങുംപിള്ളിക്കവല, കൈപ്പ, മോർക്കാട്, കൂവപ്പിള്ളി, ചക്കിക്കാവ് എന്നിവിടങ്ങളിലെ പ്രചരണത്തിന് ശേഷം കാഞ്ഞാറിൽ പര്യടനം സമാപിച്ചു. എൻ.ഡി.എ. ജില്ലാ കൺവീനർ വി. ജയേഷ്, ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.പി. സാനു, എൻ.ഡി.എ. ഇടുക്കി നിയോജകമണ്ഡലം കൺവീനർ മനേഷ് കുടിക്കയത്ത്, ബി.ഡി.ജെ.എസ്. വൈസ് പ്രസിഡന്റ് ഡോ. കെ. സോമൻ, ജില്ലാ സെക്രട്ടറി പാർത്ഥേശൻ ശശികുമാർ, ബി.ഡി.വൈ.എസ്. ജില്ലാ ചെയർമാൻ കെ.പി. ബിനീഷ്, ബി.ജെ.പി. നിയോജകമണ്ഡലം സെക്രട്ടറി കെ.യു. സിജു, നേതാക്കളായ ബാബു, പി.പി. ശ്രീരാജ്, കെ.ആർ. സിജു, ഹരി ബാബു, ഷീബ, വിഷ്ണു കൊച്ചുപറമ്പൻ, ഷിബു, തുടങ്ങിയവർ നേതൃത്വം നൽകി.