പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ മകനാണെന്ന് പരിചയപ്പെടുത്തി, മദ്യപിച്ച് ലക്കുകെട്ട് വീടുകയറുന്ന വിരുതന്മാരെ തെരയുകയാണ് യു.ഡി.എഫ്. ഇത്തരക്കാരെ കണ്ടാൽ ഉടൻ പൊലീസിൽ ഏൽപ്പിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
മാണി സി. കാപ്പന്റെ മകനാണ്, വോട്ടു തേടി വന്നതാണെന്ന് പറഞ്ഞ് പലയിടങ്ങളിൽ പലരെ രംഗത്തിറക്കിയിരിക്കുകയാണെന്നാണ് പരാതി. ഇന്നലെ കൊഴുവനാലിലാണ് അജ്ഞാതൻ ഇറങ്ങിയത്.
മാണി സി.കാപ്പന് മൂന്ന് മക്കളാണ്. ഒരാണും രണ്ട് പെണ്ണും. മകൻ കാനഡയിൽ മെക്കാനിക്കൽ എൻജിനീയറാണ്. നാട്ടിലില്ല. ഈ സാഹചര്യത്തിൽ മാണി സി. കാപ്പന്റെ മകനാണെന്ന് പറഞ്ഞ് വീട് കയറുന്നവരെ കണ്ടാൽ ചിത്രമെടുത്ത് പൊലീസിലോ, യു.ഡി.എഫ് ഓഫീസിലോ അറിയിക്കണമെന്നാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പ്രൊഫ. സതീഷ് ചൊള്ളാനി അഭ്യർത്ഥിച്ചു.