കോട്ടയം: ടൂറിസം സീസൺ ആരംഭിച്ചിട്ടും തേക്കടി വിജനം. ഒരു വർഷക്കാലമായി വിദേശ ടൂറിസ്റ്റുകൾ എത്തിനോക്കാത്ത തേക്കടിയിൽ ആകെ വന്നിരുന്നത് ചുരുക്കം ചില വടക്കേ ഇന്ത്യാക്കാരും സംസ്ഥാനത്തെ സഞ്ചാരികളുമാണ്. പക്ഷേ, നിനച്ചിരിക്കാതെ ബോട്ട് സവാരിക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയത് തേക്കടിക്ക് തിരിച്ചടിയായി. ഇതോടെ കുമളി ടൗണും വിജനമായി.
ലോക്ക്ഡൗണിനുശേഷം സഞ്ചാരികൾക്കായി സംസ്ഥാനത്തെ ടൂറിസ്റ്റ് സെന്ററുകൾ തുറന്നുകൊടുത്തതോടെയാണ് തേക്കടിയും തുറന്നത്. പക്ഷേ, ബോട്ട് യാത്രക്കുള്ള ടിക്കറ്റ് നിരക്കിൽ 200 രൂപ വർദ്ധിപ്പിച്ചു. പ്രവേശന ഫീസ് ഉൾപ്പെടെ ഒരാൾക്ക് തേക്കടിയിൽ ബോട്ട് സവാരിക്ക് വേണ്ടി വരുന്നത് 480 രൂപയാണ്. നേരത്തെ 300 രൂപ മാത്രമായിരുന്നു. ഇപ്പോഴത്തെ വർധനവ് താങ്ങാനാവാത്തതാണ് സഞ്ചാരികൾ ഗണ്യമായി കുറയാൻ പ്രധാന കാരണം. ഇക്കാര്യം ടൂറിസ്റ്റ് വകുപ്പിന് അറിയാമെങ്കിലും ഫീസ് കുറയ്ക്കാൻ ഇനിയും അവർ നടപടി എടുത്തിട്ടില്ല. തേക്കടിയിലേക്ക് ജനം ഒഴുകിയെത്തണമെങ്കിൽ ഫീസ് കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായെന്നാണ് തേക്കടിയിലെ ഹോട്ടൽ, ഹോം സ്റ്റേ ഉടമകൾ അടിവരയിട്ട് പറയുന്നത്.
ലോക്ക‌്‌ഡൗണിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കൊച്ചിയിൽ മെട്രോയിൽ വരെ ചാർജ് നിരക്ക് കുറക്കുമ്പോഴാണ് ടൂറിസം വകുപ്പ് തേക്കടിയിൽ ബോട്ട് യാത്രക്ക് ഫീസ് ഇരട്ടിയാക്കിയത്. സഞ്ചാരികൾ കുറവായതിനാൽ ഫീസ് വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലായെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതികരണം. നിരക്ക് വർധനവോടെ തേക്കടിയിൽ സഞ്ചാരികൾ എത്താതായതോടെ വൻ സാമ്പത്തിക നഷ്ടമാണ് കുമളിയിലെയും തേക്കടിയിലെയും സ്ഥാപനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്.
തേക്കടിയിൽ സഞ്ചാരികൾക്ക് പ്രവേശന ഫീസും ബോട്ട് ടിക്കറ്റ് നിരക്കിലും നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയാക്കി വർധിപ്പിച്ചെന്ന കാര്യം അറിയുന്നത് ടൂറിസ്റ്റുകൾ ഇവിടെ എത്തിക്കഴിഞ്ഞുമാത്രമാണ്. ലോക്ക്‌ഡൗണിനുശേഷം തേക്കടി തുറന്നതോടെ സഞ്ചാരികൾ കൂടുതലായി എത്തിയിരുന്നു. എന്നാൽ ഫീസ് യാതൊരു മാനദണ്ഡവുമില്ലാതെ വർധിപ്പിച്ചത് ടൂറിസം മേഖലക്ക് തിരിച്ചടിയായി. വിവരം പുറത്തായതോടെ ആളുകൾ ഇപ്പോൾ തേക്കടിയെ അവഗണിക്കുകയാണ്. ഇതോടെ ടൂറിസ്റ്റുകളുടെ വരവും നിലച്ചു.
ലോക്ക്ഡൗൺ കഴിഞ്ഞ് സഞ്ചാരികൾ എത്തി തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു തേക്കടിയിലെ ടൂറിസം മേഖല. സാധാരണയായി ഡിസംബർ മുതൽ തേക്കടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകേണ്ടതാണ്. എന്നാൽ ഇക്കുറി കണക്കുകൂട്ടലുകളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ബോട്ട് ടിക്കറ്റ് നിരക്ക കുറക്കുക മാത്രമാണ് സഞ്ചാരികളെ ആകർഷിക്കാനുള്ള പോംവഴിയെന്നാണ് കണക്കുകൂട്ടൽ. ഇക്കാര്യം ടൂറിസം വകുപ്പും മൗനമായി സമ്മതിക്കുന്നുണ്ട്.
ടൂറിസവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന പരിപാടികളെല്ലാം തേക്കടിയിലും കുമളിയിലും നിലച്ചിരിക്കയാണ്. റിസോർട്ടുകളും ഹോം സ്റ്റേകളും സഞ്ചാരികൾ എത്താതെയായത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ഭീമമായ ബാങ്ക് വായ്പകളിലാണ് ഓരോ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നത്. അതേസമയം വൻകിട റിസോർട്ടുകൾക്ക് ലോക്ക്ഡൗൺ കാലയളവിൽ ടൂറിസം വകുപ്പിൽ നിന്ന് ഇളവുകൾ ലഭിച്ചത് ആശ്വാസമായി. ഈസ്റ്ററിനോട് അടുത്തുള്ള ദിവസങ്ങളിൽ തേക്കടിയുടെ പ്രവേശന കവാടമായ കുമളി ടൗണിൽ സഞ്ചാരികളുടെ നല്ലതിരക്കനുഭവപ്പെട്ടിരുന്നതാണ്. വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ടെന്നല്ലാതെ കുമളിയിൽ കാര്യമായ കച്ചവടമൊന്നും നടക്കുന്നില്ല.
കുമളി ടൗണിന്റെ ഒരു വശം പെരിയാർ കടുവാ സങ്കേതവും ഒരു ഭാഗം തമിഴ്നാട് വന മേഖലയുമായതിനാൽ ജനസാന്ദ്രത കുറവാണ്. തമിഴ്നാട് അതിർത്തി പങ്കിടുന്ന കുമളി ടൗണിന്റെ നിലനിൽപ്പ് ടൂറിസത്തെ ആശ്രയിച്ചുള്ളതാണ്. വിദേശ ടൂറിസ്റ്റുകൾ എത്തിയാൽ മാത്രമേ കുമളി ടൗൺ സജീവമാവുകയുള്ളു. വിമാനകമ്പനികൾ എത്താത്തതിനാൽ ഇനി എന്ന് വിദേശ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങുമെന്ന് പറയാനും സാധിക്കില്ല. വർധിപ്പിച്ച ബോട്ട്ചാർജ് ഉൾപ്പെടെയുള്ള കുറയ്ക്കുകയും സഞ്ചാരികളെ ആകർഷിക്കാൻ വനം, ടൂറിസം വകുപ്പുകൾ പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്താൽ മാത്രമേ ഇനി തേക്കടിയിൽ ടൂറിസത്തിന് പിടിച്ചൂനിലനിൽക്കാൻ കഴിയു.