കട്ടപ്പന: ദുഃഖവെള്ളി ദിനത്തിൽ ഭവന സന്ദർശനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്ത് 15ാം വാർഡായ മക്കുവള്ളിയിലെത്തിയ എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥന് മുമ്പിൽ പരാതികളുടെ ഭാണ്ഡക്കെട്ടഴിച്ച് നാട്ടുകാർ.ഇടുക്കി വന്യജീവി സങ്കേതത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വാർഡിൽ മൈലപ്പള്ളി, മക്കുവള്ളി, മനയത്തടം, കൈതപ്പാറ എന്നീ അവികസിത മേഖലകളാണുള്ളത്. വനത്തിലൂടെയുള്ള സഞ്ചാരയോഗ്യമല്ലാത്ത മൈലപ്പള്ളിമക്കുവള്ളിമനയത്തടംകൈതപ്പാറഉടുമ്പന്നൂർ എന്ന റോഡാണ് നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നത്. ഓഫ് റോഡിന് സമാനമായി സാഹസികയാത്ര നടത്തിയാണ് ആളുകൾ ഇവിടെ നിന്ന് പുറംലോകത്തെത്തുന്നത്. സ്‌കൂൾ കുട്ടികളടക്കം ഇപ്പോഴും കാൽനടയായും ട്രിപ്പ് ജീപ്പുകളെ ആശ്രയിച്ചുമാണ് കഞ്ഞിക്കുഴിയിലോ ഉടുമ്പന്നൂരിലോ എത്തുന്നത്. ഇടുക്കി ജില്ല രൂപീകൃതമായിട്ട് സുവർണ ജൂബിലിയായിട്ടും 2018ലാണ് ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമജ്യോതി യോജന പദ്ധതിപ്രകാരം ഇവിടങ്ങളിൽ വൈദ്യുതിയെത്തിയത്. നാടിന്റെ വികസന മുരടിപ്പിന് പരിഹാരമുണ്ടാക്കാൻ എൻ.ഡി.എ. അധികാരത്തിലെത്തണമെന്നും പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നതിന് അറുതിയുണ്ടാകണമെന്നും സംഗീത വിശ്വനാഥൻ പറഞ്ഞു.