കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ജില്ലയിലെ ഉദ്യോഗസ്ഥരും സ്‌ക്വാഡുകളും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനത്തിന്റെ പ്രത്യേക ചെലവ് നിരീക്ഷകൻ പുഷ്പിന്ദർസിംഗ് പുനിയ നിർദേശിച്ചു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ വോട്ടു രേഖപ്പെടുത്തുന്നത് തികച്ചും സ്വതന്ത്രമായാണെന്ന് ഉറപ്പാക്കുന്നതിന് വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കണം. ഷെഡ്യൂൾഡ് ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും പണമിടപാടുകൾ നിരീക്ഷിക്കുകയും സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുകയും വേണം. പെരുമാറ്റച്ചട്ട ലംഘനം സ്ഥിരീകരിച്ചാൽ കർശന നടപടിയെടുക്കണം.
പൊതുജനങ്ങൾ നൽകുന്ന പരാതികളും വിവരങ്ങളും സംബന്ധിച്ച് സത്വര നടപടി സ്വീകരിക്കുകയും സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നവർക്ക് അംഗീകാരം നൽകുകയും വേണം.
സ്ഥാനാർഥികൾ നിശ്ചിത പരിധിയിൽ കവിഞ്ഞ് പണം ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.