കട്ടപ്പന: ഉത്പ്പാദനം കുറഞ്ഞതോടെ പാഷൻ ഫ്രൂട്ടിന്റെ വില കുത്തനെ ഉയർന്നു. കട്ടപ്പനയിലെ വിപണിയിൽ 90 മുതൽ 130 രൂപ വരെയാണ് വില. ഏതാനും ആഴ്ചകൾക്ക് മുമ്പ് 30 മുതൽ 60 രൂപവരെയായിരുന്നു. ഏലം ഉത്പ്പാദനം വർദ്ധിച്ചതോടെ ഹൈറേഞ്ചിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പാഷൻ ഫ്രൂട്ട് കൃഷി അപ്രത്യക്ഷമായിരുന്നു. വർഷങ്ങളായി ഉണ്ടായിരുന്ന പാഷൻ ഫ്രൂട്ട് തോട്ടങ്ങളിൽ ഏലംകൃഷി സ്ഥാനംപിടിച്ചതോടെ ഉത്പ്പാദനം വൻതോതിൽ കുറഞ്ഞു. ആവശ്യക്കാർ കൂടുകയും ലഭ്യതയിൽ കുറവ് വന്നതോടെയാണ് വില കുത്തനെ ഉയർന്നത്. ചെറുകിട കർഷകർക്ക് ശരാശരി 70 മുതൽ 80 രൂപ വരെ വില ലഭിക്കുന്നുണ്ട്.
പ്രളയത്തിന് മുമ്പ് വരെ പാഷൻ ഫ്രൂട്ട് ഹൈറേഞ്ചിൽ വ്യാപകമായി കൃഷി ചെയ്തിരുന്നു. രോഗ, കീട ബാധകളും ഉത്പ്പാദനച്ചെലവും കുറവായതിനാൽ 30 മുതൽ 40 രൂപ വരെ വില ലഭിച്ചാൽ പോലും കർഷകർക്ക് ലാഭകരമായിരുന്നു. എന്നാൽ തുടർച്ചയായ പ്രളയങ്ങളും കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണും മൂലം പാഷൻ ഫ്രൂട്ടിന് ആവശ്യക്കാർ ഇല്ലാതായി. ലോക്ക്ഡൗൺ കാലത്ത് 15 രൂപയിലെത്തി . വാങ്ങാനാളില്ലാതായതോടെ വിളവെടുത്ത പാഷൻ ഫ്രൂട്ട് നശിച്ചുപോകുന്ന സ്ഥിതിയായിരുന്നു. പിന്നീട് ഏലയ്ക്ക വില കുത്തനെ ഉയർന്നതോടെ ഏലംകൃഷി വ്യാപിപ്പിക്കുന്നതിൽ കർഷകർ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടെ പാഷൻ ഫ്രൂട്ട് കൃഷി നാമമാത്രമായി ചുരുങ്ങി.
ഇടുക്കിയിൽ ഉത്പാദിപ്പിക്കുന്ന പാഷൻഫ്രൂട്ട് രുചിയും സുഗന്ധവുമുള്ളതിനാൽ ജില്ലയ്ക്ക് പുറത്ത് വൻ ഡിമാൻഡാണ്. ഇപ്പോൾ ശീതളപാനിയങ്ങൾ തയാറാക്കാൻ ആളുകൾ കൂടുതലായി ഹൈറേഞ്ച് പാഷൻ ഫ്രൂട്ട് വാങ്ങുന്നുണ്ട്. വേനൽക്കാലം ആരംഭിച്ചതോടെ പാഷൻ ഫ്രൂട്ടിന് ആവശ്യക്കാർ വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ ആവശ്യാനുസരണം ഉത്പ്പന്നം ലഭ്യമല്ലാത്തതിനാൽ വലിയ വില കൊടുത്തും വാങ്ങാൻ ആളുണ്ട്. അതേസമയം ഹൈറേഞ്ചിൽ ഉത്പാദനം ഇടിഞ്ഞതോടെ കമ്പത്തുനിന്നും ഗുണനിലവാരമില്ലാത്ത പാഷൻ ഫ്രൂട്ട് വൻ വില കൊടുത്താണ് ഇവർ വാങ്ങുന്നത്.