പാലാ: എന്തു കർമ്മം ചെയ്താലും അത് ഈശ്വരനുള്ള പൂജയായി കരുതി ചെയ്താൽ സർവൈശ്വര്യങ്ങളും കരഗതമാകുമെന്ന് സ്വാമി സ്വപ്രഭാനന്ദ മഹാരാജ് പറഞ്ഞു.ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന 'സ്വപ്രഭാനന്ദം ' പരിപാടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മനുഷ്യ ജന്മം ഏറെ ഉത്കൃഷ്ടമാണ്. മറ്റു ജീവജാലങ്ങൾക്കെല്ലാം നന്മ ചെയ്യാനുള്ള പുണ്യ അവസരമാണ് മനുഷ്യ ജന്മത്തിലൂടെ ലഭിക്കുന്നത്. നാം ഓരോരുത്തരും ചെയ്യുന്ന പ്രവർത്തികൾ മറ്റുള്ളവർക്കു കൂടി സുഖത്തിനായി തീരണമെന്നാണ് ശ്രീരാമകൃഷ്ണ സ്വാമികളും ശ്രീനാരായണ ഗുരുദേവനും പഠിപ്പിച്ചിട്ടുള്ളതെന്നും സ്വപ്രഭാനന്ദ സ്വാമികൾ ചൂണ്ടിക്കാട്ടി.

ശതാഭിഷിക്തനായ സ്വപ്രഭാനന്ദ സ്വാമിജിയെ ആദരിക്കാൻ ഐങ്കൊമ്പ് അംബികാ വിദ്യാഭവനും പാറേക്കാവ് ദേവസ്വവും ചേർന്നാണ് 'സ്വപ്രഭാനന്ദം ' പരിപാടി സംഘടിപ്പിച്ചത്.പാറേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എൻ.കെ മഹാദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ.എസ്.ജയസൂര്യൻ, ബിജു കൊല്ലപ്പിള്ളി, ഡി.ചന്ദ്രൻ, അമനകര പി.കെ.വ്യാസൻ, ജിൻസ് ഗോപിനാഥ്, സനീഷ് ചിറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. മീനച്ചിൽ ഹിന്ദു മഹാസംഗമത്തിന് വേണ്ടി അമനകര പി.കെ.വ്യാസൻ എഴുതി ഗായകൻ ജിൻസ് ഗോപിനാഥ് സംഗീത സംവിധാനം നിർവഹിച്ച് പാടിയ ഹിന്ദുമഹാസംഗമ ഗീതങ്ങളുടെ പ്രകാശനവും സ്വാമി സ്വപ്രഭാനന്ദ നിർവഹിച്ചു.