പാലാ: പീഡാനുഭവ ശുശ്രൂഷകളിൽ പങ്കെടുത്ത് ആരാധനാലയത്തിൽ ചിലവഴിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. ദുഖവെള്ളി ദിവസമായ ഇന്നലെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് വേണ്ടിയാണ് ഏറെ സമയവും സ്ഥാനാർത്ഥി ചിലവഴിച്ചത്. പ്രാർത്ഥനകൾക്ക് ശേഷം വീട്ടിലെത്തിയ ജോസ് കെ.മാണി പരമാവധി ആളുകളെ ഫോണിൽ വിളിച്ചു വോട്ടുറപ്പിച്ചു. വൈകന്നേരത്തോടെ മണ്ഡലത്തിലേയ്ക്ക് സ്ഥാനാർത്ഥി പ്രചാരണത്തിനിറങ്ങി. പരമാവധി ആളുകളെ നേരിൽ കാണുന്നതിനും ശ്രമിച്ചു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം നാളെയാണ് അവസാനിക്കുന്നതെങ്കിലും എൽ.ഡി.എഫ് മണ്ഡലം പ്രചാരണം ഇന്നു സമാപിക്കും. ഇന്ന് ചാമപ്പാറ, മേസ്തിരിപ്പടി, തലനാട്, തലപ്പലം, ഇടകളമറ്റം എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളും കുടുംബസംഗമങ്ങളും നടക്കും. പരസ്യപ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധ കേന്ദ്രങ്ങളിൽ ശിങ്കാരിമേളവും ചെണ്ടമേളവും ആഘോഷങ്ങളും ഉൾപ്പെടെ നടക്കും. വിവിധ മേഖലകളിൽ നടക്കുന്ന പൊതുസമ്മേളനങ്ങളിലും യോഗങ്ങളിലും സ്ഥാനാർത്ഥിയും ഇടത് നേതാക്കളും പ്രസംഗിക്കും.