മൂന്നാർ : ദുഖവെള്ളി ദിനത്തിൽ നിശബ്ദ പ്രചരണം നടത്തി ദേവികുളം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എ രാജ. പഞ്ചായത്ത് പര്യടന വേളയിൽ നേരിട്ട് എത്താൻ കഴിയാത്ത മൂന്നാർ, ദേവികുളം പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലെത്തി എ രാജ വോട്ടഭ്യർത്ഥിച്ചു വീടുകളിലെത്തിയും പാതയോരങ്ങളിൽ നിന്നവരോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ചുമുള്ള പ്രവർത്തനമാണ് നടത്തിയത്. ദുഖ വെള്ളി പ്രമാണിച്ച് തൊഴിലാളികൾക്ക് അവധിയായിരുന്നതിനാൽ സ്ഥാനാർത്ഥി എത്തുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. ഇതേ തുടർന്ന് തൊഴിലാളികൾ വീടുകളിൽ തന്നെ ഉണ്ടായിരുന്നു. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനും മുന്നേറ്റത്തിനും എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് സ്വീകരണത്തിനിടെ തൊഴിലാളികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 7 ന് ലക്ഷ്മി ഈസ്റ്റ് ഡിവിഷനിൽ ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിൽ എത്തി സ്വീകരണം ഏറ്റുവാങ്ങി നെറ്റിക്കുടി ടോപ് ഡിവിഷനിൽ സമാപിച്ചു. നേതാക്കളായ എം മഹേഷ്, എസ് സ്റ്റാലിൻ, എം രാജൻ, പി കെ കൃഷ്ണൻ, ജെ ജയപ്രകാശ്, ജി നാഗേന്ദ്രൻ, വിനായകൻ, ടി എം മുരുകൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.