കോട്ടയം: ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊലീസ് സുരക്ഷാക്രമീകരണങ്ങളൊരുക്കി. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ അഡിഷണൽ എസ്.പി. എ.യു സുനിൽ കുമാറിനെ കൂടാതെ 10 ഡിവൈ.എസ്.പി മാർക്കാണ് തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല.
ജില്ലയിൽ നിലവിലുള്ള കോട്ടയം,ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, വൈക്കം എന്നി അഞ്ചു സബ് ഡിവിഷനുകൾക്ക് പുറമേ ഏറ്റുമാനൂർ,വാകത്താനം പൊൻകുന്നം, ഈരാറ്റുപേട്ട,കടുത്തുരുത്തി സബ് ഡിവിഷനുകളാണ് പുതുതായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ 10 സബ് ഡിവിഷനുകളിലും ചുമതല ഡിവൈ.എസ്.പി. മാർക്കാണ് നൽകിയിരിക്കുന്നത്. ഇവരെകൂടാതെ 41 പൊലീസ് ഇൻസ്‌പെക്ടർമാർ, എസ്.ഐ, എ.എസ്.ഐമാർ 251 പേർ, 1983 പൊലീസുകാർ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇതുകൂടാതെ 5 കമ്പനി കേന്ദ്ര പൊലീസിനെയും, 1434 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലെ 10 ഡിവൈ.എസ്.പി മാർക്കും പൊലീസ്, കേന്ദ്രസേന എന്നിവരെ ഉൾക്കൊള്ളിച്ചു പ്രത്യേക സ്‌ട്രൈക്കിംഗ് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. കൂടാതെ 31 സ്റ്റേഷനിലും എസ്.എച്ച്.ഓമാരുടെ നേതൃത്വത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സുമുണ്ടാകും.
ജില്ലയൊട്ടാകെ 1564 മെയിൻ ബൂത്തുകളും 842 ഓക്‌സിലറി ബൂത്തുകളുമാണുള്ളത്. ഇതിൽ ക്രിട്ടിക്കൽ ബൂത്തുകൾ 17 ഉം സെൻസിറ്റീവ് ബൂത്തുകൾ 77മാണ് ഉള്ളത്. പ്രശ്‌ന ബാധിത മേഖലകളിൽ കേന്ദ്ര പൊലീസ് സേനയെ പ്രത്യേക പെട്രോളിംഗിനായും നിയോഗിക്കും. റോഡ് മാർഗം എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണത്തിനായി രണ്ട് ബോട്ട് പെട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജില്ലയൊട്ടാകെ എസ്‌ഐ മാരുടെ നേതൃത്വത്തിൽ 124ഗ്രൂപ്പ് പെട്രോൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം 58 സ്‌ട്രൈക്കിംഗ് ഫോഴ്‌സും 27 ഫ്‌ളയിംഗ് സ്‌ക്വാഡും ജില്ലയൊട്ടാകെയുണ്ട്.